മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിക്കുന്നത്. ജീവൻ രക്ഷാ ഉപകരണങ്ങളുടേയും, വെൻ്റിലേറ്ററിൻ്റെയും സഹായത്തോടെ ആണ് ഇപ്പോൾ വിഎസിന്റെ ജീവൻ നിലനിർത്തുന്നത്.
വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. അച്യുതാനന്ദന്റെ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേർന്നത്. വി എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. ശാരീരിക സ്ഥിതി കൂടി കണക്കിലെടുത്ത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡയാലിസിസ് നൽകുന്നത്.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞദിവസം രണ്ടുതവണ ഡയാലിസിസ് നിർത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റ് പ്രകാരം വിഎസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ട് എന്നതടക്കമുള്ള വിവരങ്ങളാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്.
ആരോഗ്യ വിദഗ്‌ധരുടെ സേവനവും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. എസ്‌യുടി ആശുപത്രിയിലെ ഡോക്ടർമാർക്ക് പുറമേ, മെഡിക്കൽ കോളേജിലുള്ള ഏഴ് വിദഗ്‌ധ ഡോക്ടർമാരും വിഎസിൻ്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. നിലവിലെ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദേശം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ ഇ പി ജയരാജൻ പി കെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.