ക്വട്ടേഷൻ നൽകി നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് കുറ്റവിമുക്തൻ. ദിലീപ് കുറ്റക്കാരനല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. ഒന്നുമുതൽ ആറ് വരെയുള്ള എല്ലാ പ്രതികളും കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രതികൾക്കുള്ള ശിക്ഷ ഡിസംബർ 12 ന് വിധിക്കും. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. എഴു മുതൽ പത്തു വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി.
ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി വിജിഷ്, നാലാം പ്രതി മണികണ്ഠൻ, അഞ്ചാം പ്രതി പ്രദീപ് കുമാർ, ആറാം പ്രതി സലീം എന്നിവരാണ് കുറ്റക്കാർ. ഒന്നാംപ്രതി എന്‍ എസ് സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസിലുള്ളത്. 2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.
വിധി പ്രഖ്യാപന ദിവസം പൾസർ സുനിയും ദിലീപും ഉൾപ്പെടെയുള്ള 10 വിചാരണ പ്രതികളും കോടതിയിൽ ഹാജരായിരുന്നു. വിധി കേൾക്കാൻ വലിയ തിരക്കാണ് ഇന്ന് കോടതിയിൽ അനുഭവപ്പെട്ടത്. കോടതി മുറിയും നിറഞ്ഞ് കവിഞ്ഞിരുന്നു. അതേസമയം വിധി കേൾക്കാനായി അതിജീവിത കോടതിയിൽ എത്തിയിരുന്നില്ല
പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
രാജ്യത്തിൻ്റെ കുറ്റകൃത്യ ചരിത്രത്തിൽ തന്നെ അത്യസാധാരണവും കേട്ടു കേൾവിയും ഇല്ലാത്ത ഒരു കുറ്റകൃത്യമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. എട്ടാം പ്രതിക്ക് അതിജീവിതയോട് ഉണ്ടായിരുന്ന പക തീർക്കാനായി ‘റേപ്പ് ക്വട്ടേഷൻ ‘നൽകി എന്നാണ് കേസ്. കുറ്റകൃത്യം സംഭവിച്ച് 3215 ദിവസത്തിനു ശേഷമാണ് കേസിൽ വിധി പറയുന്നത്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍ ത്തന്നെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ആദ്യ പ്രതിപ്പട്ടികയില്‍ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

