സംഗീത ലോകത്തിന്റെ ഇഷ്ടതോഴിയായിരുന്ന വാണിജയറാം ഇനിയില്ല… പറന്നുപോയ കിളിയുടെ ഒഴിഞ്ഞ കൂടു മാത്രം ബാക്കി. സംഗീത ലോകത്തിന് എന്നും പ്രിയപ്പെട്ടതായിരുന്നു വാണിജയറാം എന്ന പാട്ടുകാരിയെ. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ ചിറക് വിരിച്ചെത്തിയ ആ വാനമ്പാടി മലയാളികളുടെ മനസ്സിലേക്ക് പെയ്തിറങ്ങിയത് ഒരു നിത്യവസന്തമായാണ്. അവിടെ നിന്ന് ഇങ്ങോട്ട് ഇടയ്ക്ക് എപ്പോഴൊക്കെയോ വന്ന് പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒരു പിടി സുഗന്ധമുള്ള വരികൾ വാരിയെറിഞ്ഞ് മലയാളിയെ തന്നിലേക്ക് ചേർത്തു പിടിച്ചിട്ട് വീണ്ടും ഒരു ഇടവേളയിലേക്ക്… അതായിരുന്നു വാണിജയറാം. പാടിയ ഓരോ ഗാനങ്ങളും മലയാളികളുടെ മനസ്സിൽ കോറിയിട്ടു കൊണ്ട് ഓരോ ഇടങ്ങളിലേയ്ക്കായി മാറി മാറി പൊയ്ക്കൊണ്ടേയിരുന്നു ആ തമിഴ് സംഗീതഗായിക .
1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിൽ ദുരൈസ്വാമിയുടെയും പത്മാവതിയുടെയും മകളായി ആ സംഗീത രത്നം ജനിച്ചു. കലൈവാണി എന്നായിരുന്നു യഥാർത്ഥ നാമധേയം. സംഗീതജ്ഞയായ അമ്മയിൽ നിന്നും സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ച കലൈവാണി തന്റെ അഞ്ചാം വയസ്സിൽ ഗുരുവായ അയ്യങ്കാർ പറഞ്ഞുകൊടുത്ത ദീക്ഷിതർ കൃതികൾ പഠിച്ചെടുത്ത് എല്ലാവരെയും ഞെട്ടിച്ചു. വിവാഹം കഴിഞ്ഞതോടെയാണ് കലൈവാണി തന്റെ പേരിന്റെ അവസാനത്തോടൊപ്പം ഭർത്താവായ ജയറാമിന്റെ പേരു കൂടി ചേർത്ത് വാണിജയറാം എന്നാക്കി മാറ്റിയത്. സംഗീത ലോകത്ത് വാണിയെ കൈപിടിച്ച് മുന്നോട്ട് നടത്തിയത് സംഗീത സ്നേഹി കൂടിയായ ഭർത്താവ് ജയറാം ആയിരുന്നു. അദ്ദേഹത്തിന്റെ കൈപിടിച്ച് വാണി നടന്നു കയറിയത് പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത പ്രശസ്തിയുടെ നെറുകയിലേയ്ക്കായിരുന്നു. സിനിമ സംഗീത ലോകത്തിലേക്ക് നടന്നു കയറിയ വാണി ആദ്യം ബോളിവുഡിലാണ് തന്റെതായ കയ്യൊപ്പ് പതിപ്പിച്ചത്. ശേഷം ചെന്നൈയിൽ താമസം ഉറപ്പിച്ചതോടെ ആ വാനമ്പാടി തെന്നിന്ത്യയിലേക്ക് ചേക്കേറി. അധികം താമസിയാതെ തന്നെ സലിൽ ചൗധരി വാണിയെ മലയാളത്തിനും സമ്മാനിച്ചു.
മലയാളത്തിൽ ‘സ്വപ്ന’ ത്തിലെ ‘സൗരയൂഥത്തിൽ വിരിഞ്ഞൊരു…’ എന്ന പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ആ പ്രിയ ഗായിക പിന്നീട് മലയാളികൾക്ക് സമ്മാനിച്ചതും പാടി പാടി മതിവരാത്ത ഒരുപിടി ഇമ്പമാർന്ന ഗാനങ്ങൾ തന്നെ. ആ മാന്ത്രിക സ്വരത്തിനുടമ തന്റെ ഗാനങ്ങൾ കൊണ്ട് തളച്ചിട്ടത് അന്നത്തെ ഒരു തലമുറയെ മാത്രം ആയിരുന്നില്ല.. തലമുറകളോളം ആ സംഗീതത്തിന്റെ അലയൊലികൾ മുഴങ്ങി കൊണ്ടേയിരുന്നു.
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി…. എന്ന ഗാനവും, ആഷാഢമാസം….. എന്ന ഗാനവും, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ….. എന്ന ഗാനവും, ഏതോ ജന്മ കല്പനയിൽ…. എന്ന ഗാനവും, ഓലഞ്ഞാലി കുരുവി…. യുമൊന്നും ഒരിക്കലും മലയാളിയുടെ മനസ്സിൽ നിന്ന് ഇറങ്ങി പോകില്ല…. അത്രമേൽ അവ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതായി മാറികഴിഞ്ഞു…. ആ മാന്ത്രിക ശബ്ദത്തിന്റെ മാസ്മരികതയിൽ മയങ്ങി വീഴാത്ത ഒരൊറ്റ സംഗീത പ്രേമി പോലുമില്ല മലയാളത്തിൽ.
എന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരുപിടി നല്ല ഗാനങ്ങൾ എന്നും മൂളി നടക്കാനായി നമുക്കായി പാടി തന്നിട്ട് കൂട്ടിൽ നിന്നും ആ പ്രിയ ഗായിക ദൂരേക്ക് എങ്ങോ പറന്നുപോയി….. ഒരിക്കലും മടങ്ങിവരാത്ത ഒരു യാത്ര…..ആ നഷ്ട സൗഭാഗ്യത്തിന് ….ആ അനശ്വര കലാകാരിക്ക്…. കൂപ്പുകൈ…….