മുംബൈ-ഗോവ റൂട്ടിൽ സെമി-ഹൈ സ്പീഡ് വന്ദേ ഭഗത് എക്‌സ്പ്രസ് ട്രെയിനിന്റെ ട്രയൽ റൺ ആരംഭിച്ചു. നഗരത്തിലെ നാലാമത്തെ സെമി-ഹൈസ്പീഡ് ട്രെയിനാണ് പുതിയ മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ വന്ദേ ഭാരതിന് കഴിയും. മുംബൈയിലെ സിഎസ്‌എംടിയുടെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് പുലർച്ചെ 5:30ന് പുറപ്പെട്ട വന്ദേഭാരത് ഉച്ചയ്ക്ക് 12.50ന് ഗോവയിലെ മഡ്‌ഗാവ് സ്റ്റേഷനിലെത്തി. മൂന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ നിലവിൽ മുംബൈ സെൻട്രൽ – അഹമ്മദാബാദ് – ഗാന്ധിനഗർ ക്യാപിറ്റൽ, മുംബൈ – സായിനഗർ ഷിർദി, മുംബൈ – സോലാപൂർ എന്നീ റൂട്ടുകളിലായി ഓടുന്നുണ്ട്.
അതേസമയം ഹൗറ-പുരി വന്ദേ ഭാരത് എക്‌സ്പ്രസ് മേയ് 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒഡീഷയിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ കൂടിയാണിത്. റെയിൽവേയുടെ തെക്കുകിഴക്കൻ ഡിവിഷനു കീഴിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ഉദ്ഘാടനത്തിന് ശേഷം ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസ് ഹൗറയിൽ എത്തും. ഹൗറയിൽ നിന്ന് പുരിയിൽ എത്തുന്നതിന് മുമ്പ് ട്രെയിൻ ഖരഗ്പൂർ, ബാലസോർ, ഭദ്രക്, കിയോഞ്ജർ റോഡ്, കട്ടക്ക്, ഭുവനേശ്വർ, ഖുർദ റോഡ് എന്നീ ഏഴ് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും