ശശി തരൂര്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള സമാന്തര പ്രവര്‍ത്തനങ്ങളോ വിഭാഗീയ നീക്കങ്ങളോ അനുവദിക്കില്ലെന്നും എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി അധ്യക്ഷന്‍ തീരുമാനങ്ങളെടുക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. വിലക്ക് വിവാദത്തില്‍ ശശി തരൂരിനെ ലക്ഷ്യമിട്ടായിരുന്നു വി ഡി സതീശന്റെ വിമര്‍ശനങ്ങള്‍. മാധ്യമങ്ങള്‍ക്കെതിരെയും വി ഡി സതീശന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മാധ്യമങ്ങള്‍ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാര്‍ത്തകള്‍ തയാറാക്കുന്നതെന്നും മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
എല്ലാവരോടും കൂടിയാലോചനകള്‍ നടത്തിയാണ് കെപിസിസി അധ്യക്ഷന്‍ തീരുമാനങ്ങളെടുക്കുന്നത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുമുണ്ടായാല്‍ അതിനെ ഗൗരവത്തോടെ സമീപിക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആര് ഇത്തരം അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചാലും അത് തടയുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. എത്ര ഉന്നതനായാലും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഒരു തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് വി ഡി സതീശന്‍ ആഞ്ഞടിച്ചു.
കേരളത്തിലെ കോണ്‍ഗ്രസില്‍ മറ്റൊരു സംവിധാനം വരുന്നുണ്ടെന്നാണ് പല മാധ്യമങ്ങളുടേയും തലക്കെട്ടുകള്‍. കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള അജണ്ട ചിലര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ മാത്രമാണ്. ഒരു സൂചിമുന കൊണ്ട് കുത്തിയാല്‍ വാര്‍ത്തകള്‍ പൊട്ടിപ്പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.