വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മോസ്കോയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലെ ഒരു ‘വലിയ ചുവടുവയ്പ്’ എന്നാണ് യുഎസ് പ്രസിഡന്റ് ഈ നീക്കത്തെ വിശേഷിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അധികം വൈകാതെ നിർത്തുമെന്ന് പ്രധാനമന്ത്രി മോദിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ട്രംപ് വിശദമാക്കി. “അദ്ദേഹം എന്റെ ഒരു സുഹൃത്താണ്, ഞങ്ങൾക്കിടയിൽ ഒരു മികച്ച ബന്ധമുണ്ട്. അദ്ദേഹം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഞങ്ങൾ സന്തുഷ്ടരല്ല, കാരണം ഒന്നര ലക്ഷത്തോളം ആളുകളെ നഷ്ടപ്പെട്ട യുദ്ധം തുടരാൻ അനുവദിച്ചത് റഷ്യയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് (മോദി) എനിക്ക് ഉറപ്പ് നൽകി. അതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി നമ്മൾ ചൈനയെയും അതേ കാര്യം ചെയ്യിപ്പിക്കണം,” ട്രംപ് പറഞ്ഞു.
ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി ഉടനടി നിർത്താൻ കഴിയില്ലെന്നും ഘട്ടംഘട്ടമായി കുറച്ച് പൂർണമായും അവസാനിക്കുമെന്നും ട്രംപ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമോ എന്നതിൽ ന്യൂഡൽഹിയിൽ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. റഷ്യയുടെ ഏറ്റവും വലിയ കയറ്റുമതി എണ്ണയും ഗ്യാസും ആണെന്ന് റിപ്പോർട്ടുണ്ട്. മോസ്കോയിൽനിന്നും എണ്ണ കൂടുതലായും വാങ്ങുന്നത് ചൈന, ഇന്ത്യ, തുർക്കി എന്നീ രാജ്യങ്ങളാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപിനെ ഭയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. ട്രംപിന്റെ അവഗണനകൾക്കിടയിലും പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് അഭിനന്ദന സന്ദേശങ്ങൾ (എക്‌സിൽ) എഴുതിക്കൊണ്ടിരുന്നുവെന്ന് രാഹുൽ കളിയാക്കി.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അമേരിക്കൻ ആവശ്യം തള്ളി. ഇതേത്തുടർന്ന് യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തി. റഷ്യയുടെ സാമ്പത്തിക സ്രോതസ് വെട്ടിക്കുറയ്ക്കുന്നതിനായി, ചൈനയെയും മറ്റ് വ്യാപാര പങ്കാളികളെയും റഷ്യൻ എണ്ണ ഇറക്കുമതി നിർത്താൻ ട്രംപ് ഭരണകൂടം സ്വാധീനം ചെലുത്തുന്നുണ്ട്.