അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ, സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾക്ക് ഊന്നൽ നൽകി ഡോണൾഡ് ട്രംപ്. വളരെ കഴിവുള്ളവരെ താൻ ഇഷ്ടപ്പെടുന്നതായും അത്തരം ആളുകളാണ് അമേരിക്കയിലേക്ക് വരേണ്ടതെന്നും വൈറ്റ് ഹൗസിലെ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എച്ച്-1ബി വിസയെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും വാദങ്ങളോടൊപ്പം താൻ നിൽക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, കഴിവും ഗുണനിലവാരവുമുള്ള ആളുകൾ നമ്മുടെ രാജ്യത്തേക്ക് വരട്ടെയെന്നും ഇതിലൂടെ നമുക്ക് വ്യവസായങ്ങൾ വികസിപ്പിക്കാനാകുമെന്നും വ്യക്തമാക്കി.
സാങ്കേതികരംഗത്തെ മികവിനായി വിദേശരാജ്യങ്ങളിൽനിന്നുള്ള എൻജിനീയറിങ് രംഗത്തെ പ്രതിഭകളെ അമേരിക്കയിലേക്ക് എത്തിക്കാനാകുമെന്നതിനാൽ, ഇലോൺ മസ്ക് ഉൾപ്പടെയുള്ള ട്രംപിന്റെ അനുയായികൾ എച്ച്-1ബി വിസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുകൊണ്ടാണ് എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ട്രംപ് പ്രാധാന്യം നൽകുന്നത്. എന്നാൽ, അമേരിക്കക്കാരുടെ ജോലി നഷ്ടമാകുമെന്നതിനാൽ ട്രംപിന്റെ മറ്റുചില അനുയായികൾ എച്ച്-1ബി വിസയെ എതിർക്കുന്നുമുണ്ട്.
സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള അമേരിക്കയുടെ താൽകാലിക വിസയാണ് എച്ച്-1ബി വിസ. നിലവിൽ ഈ വിസകളിൽ 72 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. ട്രംപ് തന്റെ രണ്ടാംസർക്കാരിൽ പുതുതായി ആവിഷ്കരിക്കുന്ന കാര്യക്ഷമതാ വകുപ്പിന്റെ(ഡോജ്) ചുമതലക്കാരായ ഇലോൺ മസ്കും വിവേക് രാമസ്വാമിയുമാണ് നൈപുണ്യമുള്ള വിദേശ തൊഴിലാളികൾക്ക് വിസ നൽകുന്നത് കൂട്ടണമെന്നു വാദിക്കുന്നത്.