ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ആഗോളതലത്തിൽ 115 കോടി ബിസിനസ് നേടി. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാർക്കോ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്ന ഖ്യാതിയും മാർക്കോയ്ക്ക് സ്വന്തമായിട്ടുണ്ട്. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സിൽ മാർക്കോ പ്രദർശനം തുടരുകയാണ്. നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം വീണ്ടും ഒരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്. ആഗോളതലത്തില്‍ 115 കോടി ബിസിനസ് നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെ പുതിയ അപ്ഡേറ്റിന്‍റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് ‘മാർക്കോ’. 2022ൽ പുറത്തിറങ്ങിയ ‘മാളികപ്പുറം’ ആയിരുന്നു ആദ്യത്തേത്.
ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും മാർക്കോ നേടിയിട്ടുണ്ട്. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ പ്രദര്‍ശനത്തിനെത്തുക.
5 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയിരിക്കുന്നത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ചിരിക്കുകയുമാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ.വി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.