ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു പെൺകുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ചന്ദ്രശേഖരന്റെ മക്കളായ ശിവനന്ദന(12) ദേവനന്ദന (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടികളുടെ അച്ഛന്‍ ചന്ദ്രശേഖരനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ രാത്രി പത്തരയോടെയാണ് അച്ഛനും രണ്ടു മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ 7 ന് ലോഡ്ജിന് പുറത്തുപോയ അച്ഛൻ, അൽപ്പസമയത്തിനുള്ളിൽ തിരികെയെത്തി. ഉച്ചക്ക് രണ്ട് മണിക്ക് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ പുറത്ത് കണ്ടില്ല. തുടര്‍ന്നാണ് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി മുറി പൂട്ടുപൊളിച്ച് അകത്ത് കടന്നപ്പോൾ, കുട്ടികളിൽ ഒരാൾ കിടക്കയിൽ മരിച്ച നിലയിലും രണ്ടാമത്തെയാൾ തൂങ്ങിയ നിലയിലുമായിരുന്നു. പിതാവ് ചന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ കുളിമുറിയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.