ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു. ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയും പിടിച്ചിരുന്നു. വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്.
അതേസമയം വണ്ടിപ്പെരിയാർ അരണക്കല്ലിൽ തോട്ടം തൊഴിലാളികൾ വളർത്തുന്ന പശുവിനെയും നായയെയു കൊന്നത് ഇതേ കടുവാണെന്നതിൽ ഇനിയും വ്യക്തത വാരാനുണ്ട്. സ്ഥലവാസിയായ നാരായണന്റെ പശുവിനെയും ബാല മുരുകൻ എന്നയാളുടെ നായയെയുമാണ് കടുവ പിടിച്ചത്. ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങിയോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
എന്നാൽ വനംവകുപ്പ് സംഘം സ്ഥലത്തെത്തി ഇത് കഴിഞ്ഞദിവസം ഗ്രാമ്പിയിൽ ഇറങ്ങിയ അതേ കടുവ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇടത് വശത്തെ പിൻകാലിന് പരിക്കേറ്റ നിലയിലാണ് കടുവയുള്ളത്. കടുവയെ മയക്കുവെടി വച്ച് പിടികൂടി തേക്കടിയിൽ എത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണം നടക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട്‌ദിവസമായി ഗ്രാമ്പിയിൽ കടുവയെ കണ്ടതിനാൽ മൂന്ന് സംഘമായി തിരിഞ്ഞ് തെരച്ചിൽ നടത്തിയിരുന്നു. ആദ്യ രണ്ട് സംഘത്തിൽ സ്നിഫർ ഡോഗും വെറ്റിനറി ഡോക്ടർമാരുമാണ് ഉണ്ടായിരുന്നത്.ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് അരണക്കല്ലിൽ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ പിടിച്ചത്. ഗ്രാമ്പി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കടുവ ഇറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തേയില തോട്ടത്തിനരികിൽ നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്.