മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് കടുവ ആക്രമണം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീ ആണ് മരിച്ചത്. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.
വനമേഖലയിലാണ് ആക്രമണം. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വയനാട് വൈൽഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന തോട്ടം മേഖലയിലാണ് കടുവ ആക്രമണം ഉണ്ടായത്. വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഈ മാസം 17നാണ് പിടികൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് ഭീതി പരത്തുന്ന മറ്റൊരു കടുവ ആക്രമണം നടന്നത്. പ്രദേശത്തേക്ക് കുടുതൽ ഉദ്യോഗസ്ഥർ എത്തുന്നുണ്ട്.