ഇന്നലെ രാത്രി ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന പാറമേക്കാവ് – തിരുവമ്പാടിവിഭാഗത്തിന്റെ ശബ്ദ, വർണ്ണവിസ്മയം തീർത്ത വെടിക്കെട്ടിന് പിന്നാലെ ഇന്ന് തൃശൂർ പൂരത്തിന് സമാപനം ആവും. രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽ നിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയുടെയും എഴുന്നെള്ളത്ത് ആരംഭിക്കും. പടിഞ്ഞാറെ നടയിൽ എഴുന്നെള്ളി നിന്ന് മേള അകമ്പടിയിൽ കുടമാറും. ശേഷം പകൽ വെടിക്കെട്ട് നടക്കും. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് അടുത്ത പൂരത്തിനു കാണാമെന്ന് ഉപചാരം ചൊല്ലി പിരിയും.ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം പ്രഖ്യാപിക്കും.
ഇന്നലെ കാഴ്ച്ചക്കാരെ ആവേശഭരിതരാക്കിയ തൃശൂർ പൂരം വെടിക്കെട്ടിനു തിരുവമ്പാടി വിഭാഗമായിരുന്നു ആദ്യം വെടികെട്ടിന് തിരികൊളുത്തിയത്. വടക്കേനടയിൽ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കോളൂത്തി. പെസോയുടെയും പൊലീസിന്റെയും കർശന നിയന്ത്രണത്തിലാണ് വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്.