അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ അന്ത്യ യാത്രയിൽ വിടചൊല്ലി ആയിരങ്ങൾ. മൃതദേഹമടങ്ങിയ പെട്ടി തികച്ചും സ്വകാര്യമായ ചടങ്ങിൽ വെച്ച് പൂട്ടി. വത്തിക്കാൻ അപ്പോസ്തോലിക് കൊട്ടാരത്തിൽ വെച്ചാണ് കൂരിയ അംഗങ്ങളുടെ സാന്നിധ്യത്തിൽ ഈ ചടങ്ങ് നടന്നത്. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ ശവസംസ്കാര ചടങ്ങുകൾ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടക്കും. മാർപ്പാപ്പയ്ക്ക് വിട ചൊല്ലി ആയിരങ്ങളാണ് എത്തുന്നത്.
കത്തോലിക്ക വിശ്വാസാചാരപ്രകാരം അന്തരിച്ച പോപ്പിൻ്റെ ഭൗതിക ശരീരമടങ്ങിയ പേടകം വത്തിക്കാനിലെ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിൽ പൂട്ടി മുദ്രവെക്കുന്നത് പാപ്പയുടെ മഹനീയമായ ജീവിതം സേവനത്തിനും മനുഷ്യ മോചനത്തിനുമായി സമർപ്പിച്ചതിൻ്റെ ആദരസൂചകമായിട്ടാണ്. മാർപ്പാപ്പയുടെ ഏറ്റവും വിശ്വസ്തരായ കൂരിയ അംഗങ്ങളാണ് ഏറ്റവും സ്വകാര്യമായ ഈ ചടങ്ങ് നടത്തുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, 250,000-ത്തിലധികം ആളുകൾ വത്തിക്കാനിൽ പോപ്പിനെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടി. ആഗോള കത്തോലിക്കാ സഭയുടെ 266-മത് മാർപ്പാപ്പയായി 12 വർഷം മുമ്പ് ചുമതലയേറ്റ ജോർജ് മാരിയോ ബർഗോളെ എന്ന ഫ്രാൻസിസ് മാർപ്പാപ്പ ഈ പുതിയ നൂറ്റാണ്ടിനെ വല്ലാതെ സ്വാധീനിച്ച വ്യക്തിയാണ്. 2013ലാണ് അർജൻ്റീനക്കാരനായ ഇദ്ദേഹം കത്തോലിക്ക സഭാതലവനായി ചുമതലയേറ്റത്.
അന്ത്യയാത്രാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒട്ടുമിക്ക ലോകനേതാക്കളും മതനേതാക്കളും വത്തിക്കാനിൽ എത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമ്മു, ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻ്റ് തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തിലാണ് അവസാന ശുശ്രൂഷകൾ നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ചടങ്ങുകൾ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും.
ലക്ഷക്കണക്കിനാളുകളെത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ മൃതദേഹ പേടകം ഇന്നലെ അർധ രാത്രിയാണ് പൂട്ടി മുദ്രവെച്ചത്. മാർപ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ പരിഷ്കരിച്ച് കൂടുതൽ ലളിതമാക്കിയിരുന്നു. അതിനാൽ സാധാരണ പാപ്പമാരുടെ സംസ്കാര ചടങ്ങിനേക്കാൾ ദൈർഘ്യം കുറഞ്ഞതാകും ഇന്നത്തെ ശുശ്രൂഷ. ഒന്നര മണിക്കൂര്‍ നീളുന്ന ദിവ്യബലിക്കുശേഷമായിരിക്കും സെന്‍റ് മേരി മേജര്‍ ബസിലിക്കയിലേക്ക് കൊണ്ടുപോവുക.
.