തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. 6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 5 പ്രതികളെ കോടതി വെറുതെ വിട്ടു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൃത്യമാണെന്നാണു എൻഐഎയുടെ കണ്ടെത്തൽ. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞെന്നു വ്യക്തമാക്കിയ എന്‍ഐഎ കോടതി, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, ഒളിവിൽ പോകൽ, ആയുധം കൊണ്ട് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ തെളിഞ്ഞതായി ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പ്രതികളുടെ ശിക്ഷ കോടതി വിധി പ്രസ്താവിക്കും.
2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയ്ക്കു തയാറാക്കിയ ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻസ് കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. കുറ്റകൃത്യത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് 2011-ൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ 37 പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. 42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇതിൽ 2015-ൽ ആദ്യഘട്ട വിധി പ്രസ്താവിച്ചിരുന്നു. അന്ന് 31 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ നിന്ന് 18 പേരെ ഒഴിവാക്കിയിരുന്നു. പത്ത് പ്രതികൾക്ക് എട്ട് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്. സംഭവം നടന്ന് 12 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണയും വിധിയുമുണ്ടായത്.