നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നിർണായക രാഷ്ട്രീയ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് രണ്ടു രാഷ്ട്രീയ മുന്നണികൾ മാത്രമേ അവശേഷിക്കൂ. അതിൽ ഒരു വശത്ത് എൻ.ഡി.എയും മറുവശത്ത് കോൺഗ്രസ്-സി.പി.എം സഖ്യവുമായിരിക്കും ഉണ്ടാവുക. നിലവിൽ 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും അവർ സഖ്യത്തിലാണ് ഉള്ളതെന്നും അത് ഇവിടെയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, എൻ.ഡി.എ സംസ്ഥാനത്ത് എത്ര സീറ്റുകൾ നേടുമെന്ന് പ്രവചിക്കാൻ അദ്ദേഹം തയ്യാറായില്ല. എത്ര സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ എന്ന ചോദ്യത്തിന് 140-ന് മുകളിൽ സീറ്റ് കിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 140 മണ്ഡലങ്ങളിലും വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇത്തവണ തൂക്കുസഭ വരുമെന്നും ബിജെപി നിർണ്ണായക ശക്തിയായി മാറുമെന്നും കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞിരുന്നു. നേമം നിയോജക മണ്ഡലത്തിലെ ബി.ജെപി സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്.

