തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതിക്ക് ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. 23 വയസ്സുകാരനായ അഫാൻ സഹോദരനും പെൺസുഹൃത്തും ഉൾപ്പടെ അഞ്ചു പേരുടെ ജീവനെടുത്തത് വൈരാഗ്യം മൂലമെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ തെളിവ്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ട്. പ്രതിയുടെ മാനസിക നില പരിശോധിക്കും.
വിദേശത്തെ സ്‌പെയര്‍ പാര്‍ട്ട്‌സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാവിലെ അഫാൻ ആദ്യം ആക്രമിച്ചത് മാതാവ് ഷെമിയെയാണ്. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. മാതാവിന്റെ കഴുത്തിൽ ഷാൾ കുരുക്കിയശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ച് ബോധരഹിതയായ മാതാവ് കൊല്ലപ്പെട്ടു എന്ന ധാരണയിൽ വീട്ടിലെ മുറിക്കുള്ളിലാക്കി പൂട്ടി. ശേഷം പ്രതി പോയത് പാങ്ങോട് പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലേക്ക്. ആഭരണം ചോദിച്ചു തർക്കമായതോടെ സൽമയെ ഭിത്തിയിൽ തലയിടിപ്പിച്ചു കൊന്നു. തുടർന്ന് അവിടെ നിന്നും ആഭരണവുമായി അഫാൻ വെഞ്ഞാറമ്മൂട് എത്തി പണയം വെച്ചു.അവിടെ നിൽക്കുമ്പോഴാണ് പിതൃസഹോദരൻ ലത്തീഫ് ഫോണിൽ വിളിക്കുന്നത്.ഇതോടെ വെഞ്ഞാറമ്മൂട് ബസ് സ്റ്റാൻഡ് പരിസരത്തെ ഹാർഡ്വെയർ സ്റ്റോറിൽ നിന്നും ചുറ്റിക വാങ്ങി. പ്രതി അഫാൻ ആദ്യം മാതാവ് ഷെമിയെ ആക്രമിച്ചെന്നും, മാതാവ് കൊല്ലപ്പെട്ടെന്ന ധാരണയിൽ മറ്റു കൊലപാതകങ്ങൾ നടത്തിയെന്നും പൊലീസ് പറയുന്നു. വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് കൊലപാതകത്തിനായി പ്രതി ചുറ്റിക വാങ്ങിയത്. നേരെ ചുള്ളാളത്തെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യ സജിതയെയും കൊലപ്പെടുത്തി. ഇവിടെ മൽപിടുത്തത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു. പിന്നാലെ പെൺസുഹൃത്തു ഫർഹാനയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ചു കൊലപ്പടുത്തി. അവസാനം കൊലപ്പെടുത്തിയത് സഹോദരൻ അഹ്‌സാനെയാണ്. കളി സ്ഥലത്തായിരുന്ന അഹ്‌സാനെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന സംഭവം ആയതിനാൽ ദക്ഷിണ മേഖല ഐജിയുടെ മേൽനോട്ടത്തിൽ മൂന്ന് DYSPമാർ ആണ് അന്വേഷണം നടത്തുന്നത്.