ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. ഇരുപത്തിയഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധർമങ്ങളും പ്രാർഥനയും നടത്തിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയത്. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളും ഭാഗമായി.
ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ചു.
ബുധനാഴ്ച വൈകുന്നേരം മുതൽ തിരുപ്പിറവിയുമായി ബന്ധപ്പെട്ട പ്രത്യേക ശുശ്രൂഷകൾ ദേവാലയങ്ങളിൽ നടന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ സമയക്രമീകരണങ്ങൾ വ്യത്യസ്തമായിരുന്നു. പ്രത്യേക പ്രാർഥനയും ദിവ്യബലിയും തീ ജ്വാല ശുശ്രൂഷയും പ്രദക്ഷിണവുമെല്ലാം തിരുക്കർമങ്ങളുടെ ഭാഗമായി നടന്നു.
യേശുദേവന്‍റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. പലസ്തീനിലെ ക്രൈസ്തവർ ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുര്‍ബാനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

