റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന വായ്പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ മാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സെൻട്രൽ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏപ്രിൽ 7 ന് ആരംഭിച്ച മൂന്ന് ദിവസത്തെ യോഗം അവസാനിച്ചതിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗമാണ് നിരക്ക് വീണ്ടും കുറക്കാൻ തീരുമാനിച്ചത്.
“വികസിച്ചുകൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക്, സാമ്പത്തിക സാഹചര്യങ്ങളുടെയും വീക്ഷണത്തിന്റെയും വിശദമായ വിലയിരുത്തലിന് ശേഷം, പോളിസി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ച് 6% ആക്കാൻ എംപിസി ഏകകണ്ഠമായി വോട്ട് ചെയ്തു,” സഞ്ജയ് മൽഹോത്ര പറഞ്ഞു.
റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ. നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, വ്യക്തിഗത വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തിന്‍റെ കൂടി കുറവുവരും. ഇന്ത്യക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തിന്റെ ബാധ്യത നിലനില്‍ക്കുന്നതിനിടെ, സാമ്പത്തികമേഖലയ്ക്ക് കൂടുതല്‍ ശക്തി പകരാന്‍ റിസര്‍വ് ബാങ്കിന്റെ ഈ നയം പ്രയോജനകരമാകും എന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ ഏപ്രിലിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. റിപ്പോ ദശാബ്ദത്തിലെ ഉയർന്ന നിരക്കായ 6.5ൽ നിന്ന് 6.25 ശതമാനമായാണ് അന്ന് കുറഞ്ഞത്. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസര്‍വ് ബാങ്ക് പണനയ സമിതി അടിസ്ഥാന പലിശനിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയത്. ഫെബ്രുവരിയിലും ഏപ്രിലിലുമായി രണ്ടുതവണ പലിശ നിരക്ക് കുറച്ചതോടെ, റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2020 മേയിലാണ് ഫെബ്രുവരിയ്ക്ക് മുന്‍പ് പലിശ കുറച്ചത്. കോവിഡിനുശേഷം പണപ്പെരുപ്പം കൂടിയതോടെ ഘട്ടംഘട്ടമായി പലിശനിരക്ക് ഉയര്‍ത്തുകയും ചെയ്തു. വിലക്കയറ്റഭീഷണി ഒഴിഞ്ഞുതുടങ്ങിയ സാഹചര്യത്തില്‍ സാമ്പത്തികവളര്‍ച്ചയ്ക്ക് ഉത്തേജനമേകാനാണ് ആര്‍ബിഐ പലിശനിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടം ഘട്ടമായി 6.50 ശതമാനം വരെ ഉയര്‍ത്തുകയായിരുന്നു. റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര റിസർവ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണ് വീണ്ടും നിരക്ക് കുറക്കാൻ തീരുമാനിച്ചത്.
പണപ്പെരുപ്പം 4% ൽ താഴെയായി കുറഞ്ഞിരിക്കുകയും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന ആശങ്കകൾ വർദ്ധിക്കുകയും ചെയ്യുന്ന സമയത്താണ് ഈ നീക്കം. ഡിമാൻഡ് പിന്തുണയ്ക്കുന്നതിനും നിക്ഷേപത്തിന് ഉത്തേജനം നൽകുന്നതിനുമാണ് കേന്ദ്ര ബാങ്ക് ഈ നടപടി സ്വീകരിച്ചത്. ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് സൗകര്യത്തിന് കീഴിലുള്ള സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് സൗകര്യം (SDF) നിരക്ക് 5.75% ആയും മാർജിനൽ സ്റ്റാൻഡിംഗ് സൗകര്യ നിരക്ക് (MSF നിരക്ക്) 6.25% ആയും ക്രമീകരിച്ചു.
പലിശ നിരക്കിലെ കുറവ് ബാങ്കുകളിൽ നിന്ന് കൂടുതൽ പേർ വായ്പ എടുക്കുന്നതിന് വഴിവെക്കും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാൽ സ്വഭാവികമായും ബാങ്കുകൾ പലിശ നിരക്കിലും കുറക്കണമെന്ന നിർദേശമാണ്. ബാങ്കുകളുടെ കൈവശമുള്ള പണം വായ്പയിലൂടെ വിപണിയിൽ എത്തിക്കുകയാണ് നിരക്ക് കുറവിലൂടെ ആർ.ബി.ഐ ലക്ഷ്യമിടുന്നത്. ഈ നീക്കം വിപണിയിൽ പുതിയ ഉണർവ് ഉണ്ടാക്കുന്നതിന് കാരണമാകും. ഗോളതലത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിലുള്ള ഭീതിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് റിസർവ് ബാങ്കിന്‍റെ നടപടി. നാണയപ്പെരുപ്പ നിരക്ക് കുറഞ്ഞതും റിപ്പോ നിരക്കിൽ കുറവ് വരുത്താനുള്ള മറ്റൊരു കാരണം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനമായിരിക്കും.