കയ്റോ: ഗാസ വെടിനിർത്തൽ കരാർ ഒപ്പിടാൻ ഈജിപ്തിൽ ചേർന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . തന്റെ നല്ല സുഹൃത്താണ് ഇന്ത്യയുടെ തലപ്പത്തുള്ളതെന്നും ഇന്ത്യയും പാക്കിസ്ഥാനും നന്നായി മുന്നോട്ടുപോകുമെന്നാണു താൻ കരുതുന്നതെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കി ട്രംപ് പറഞ്ഞു. ചിരി മാത്രമായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ മറുപടി.
ട്രംപ് പറഞ്ഞു: “ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, അതിന്റെ തലപ്പത്ത് എന്റെ വളരെ നല്ലൊരു സുഹൃത്തുണ്ട്, അദ്ദേഹം മികച്ച കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്.” “പാകിസ്ഥാനും ഇന്ത്യയും വളരെ നന്നായി ഒരുമിച്ച് മുന്നോട്ടുപോകാൻ പോകുന്നു, അല്ലേ?” തൊട്ടുപിന്നിൽ നിന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് ട്രംപ് ചോദിക്കുകയും ചോദ്യത്തിന് അദ്ദേഹം പുഞ്ചിരിക്കുകയും ചെയ്തു. “എന്നെ സംബന്ധിച്ചിടത്തോളം അവർ രണ്ടും മഹത്തായ നേതാക്കന്മാരാണ്,” ട്രംപ് പറഞ്ഞു
ഗാസയിൽ ശേഷിച്ച 20 ബന്ദികളെ ഹമാസും രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേലും ഇന്നലെ മോചിപ്പിച്ചു. കഴിഞ്ഞയാഴ്ച ധാരണയായ ഗാസ വെടിനിർത്തൽ കരാർ ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി, തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ എന്നീ മധ്യസ്ഥരായ രാഷ്ട്രനേതാക്കളാണു കരാറിൽ ഒപ്പിട്ടത്. വിശുദ്ധനാട്ടിൽ സമാധാനമായെന്ന് ട്രംപ് പറഞ്ഞു.
ഉച്ചകോടിയിൽ, ഷെഹബാസ് ഷെരീഫ് ആഗോള സമാധാന ശ്രമങ്ങളിൽ ട്രംപിന്റെ പങ്കിനെ പ്രശംസിക്കുകയും മരിയ കൊറീന മച്ചാഡോയ്ക്ക് ലഭിച്ച നൊബേൽ സമ്മാനത്തിനായി അദ്ദേഹത്തെ വീണ്ടും നാമനിർദ്ദേശം ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു യുഎസ് പ്രസിഡന്റിന്റെ ഈ പ്രതികരണം. ദക്ഷിണേഷ്യയിലും മിഡിൽ ഈസ്റ്റിലുമായി ട്രംപിന്റെ നേതൃത്വം “ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചു” എന്ന് ഷെരീഫ് പറഞ്ഞു.
ഇന്നലെ ഇസ്രയേൽ സന്ദർശനത്തിനു ശേഷമാണു ട്രംപ് ഈജിപ്തിലേക്കു പോയത്. ഇസ്രയേൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ, പുതിയ പശ്ചിമേഷ്യയുടെ ഉദയമാണു ഗാസ കരാറെന്നു ട്രംപ് പറഞ്ഞു. 2026 ലെ സമാധാന നൊബേലിനു ട്രംപിനെ നാമനിർദേശം ചെയ്യുമെന്ന് ഇസ്രയേൽ പാർലമെന്റ് പ്രഖ്യാപിച്ചു. ഈജിപ്തിന്റെ പരമോന്നത പുരസ്കാരം ട്രംപിനു പ്രഖ്യാപിച്ചു. ഇന്നുമുതൽ ഗാസയിലേക്കു രാജ്യാന്തര ഏജൻസികൾ കൂടുതൽ സഹായമെത്തിച്ചു തുടങ്ങും. പ്രതിദിനം 600 ട്രക്കുകൾ വീതം കടത്തിവിടുമെന്നാണ് ഇസ്രയേൽ അറിയിച്ചത്.