ഓണറേറിയം വർധന അടക്കം ആവശ്യപ്പെട്ടുള്ള ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനം. എം എ ബിന്ദു, കെപി തങ്കമണി, ആർ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസമാണ്. കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ഡൽഹിക്ക് പോയിട്ട് കൂടിക്കാഴ്ച നടക്കാത്തതിൽ സമരസമിതിക്ക് അതൃപ്തിയുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയെ കാണാൻ സമയം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതേസമയം ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിനെതിരെ സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. തിരുവനന്തപുരത്ത് പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ആശാ സമരം തുടരുന്നതിനിടെ ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വാദം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നൽകിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ പ്രതികരിച്ചത്. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ കൂടിക്കാഴ്ചക്ക് ഉടൻ അനുമതി നൽകിയേക്കില്ലെന്നാണ് വിവരം.