പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട വോട്ടുപെട്ടി കാണാതായത് അതീവ ഗുരുതരവിഷയമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബാലറ്റുകൾ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും അവ തിരികെ ഉദ്യോഗസ്ഥർക്ക് നൽകാൻ ആവില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് ഇടതു സ്ഥാനാർത്ഥിയായ മുഹമ്മദ് മുസ്തഫയാണ്.
ബാലറ്റ് പെട്ടി കാണാതായ വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിലോ തിരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷണം നടത്തണമെന്ന് മുസ്തഫ ആവശ്യപ്പെട്ടു. തുടർന്ന് ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷി ചേർക്കാൻ അപേക്ഷ നൽകാൻ ആവശ്യപ്പെട്ട കോടതി എതിർസ്ഥാനാർത്ഥിയായ നജീബ് കാന്തപുരത്തിന് തടസവാദമുന്നയിക്കാനും കക്ഷിചേരാനുമായി 10 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട ഹർജി ജനുവരി 31ലേക്ക് മാറ്റി.
പെരിന്തല്‍മണ്ണ സബ് ട്രഷറിയിലായിരുന്നു 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിച്ചത്. പെട്ടികളിലൊന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മലപ്പുറം സഹകരണ ജോയിന്റ് രജസിസ്റ്റാന്‍ ഓഫീസിലേക്ക് മാറ്റി. സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റാനായി ഇന്നലെ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം റിട്ടേണിങ് ഓഫീസറുടെ അടക്കം ശ്രദ്ധയിൽ വന്നത്.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സാമഗ്രികളും പെരിന്തമണ്ണ ട്രഷറിയിലാണ് സൂക്ഷിച്ചത്. ഇത് മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫീസിലേക്ക് മാറ്റിയപ്പോള്‍ നിയമസഭ മണ്ഡലത്തിലെ സ്പെഷ്യല്‍ തപാൽ വോട്ടുകളുടെ ഒരു പെട്ടിയും കൂട്ടത്തില്‍ ഉള്‍പ്പെട്ടുപോയെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി