വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാലാം പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ കൊച്ചി ബിനാനി സിങ് ഫാക്ടറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണു കേസിലെ പ്രതികൾ. ഇതിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാലാം പ്രതിയായ മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെ 2017 ജനുവരി 7നും മാർച്ച് 4നുമാണ് വീടിനോട് ചേർന്നുള്ള ഷീറ്റു മേഞ്ഞ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ 4 പ്രതികൾക്കെതിരെ 6 കേസുകളാണുണ്ടായിരുന്നത്.