തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകണമെന്നുള്ള ഭരണപരിഷ്കാരകമ്മീഷന്റെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. എൻ ജി ഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും ഭരണപരിഷ്കാരകമ്മീഷന്റെ നിർദ്ദേശത്തെ ശക്തമായി എതിർത്തിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി ശുപാർശ തള്ളിയത്.
പ്രവർത്തി ദിവസങ്ങൾ 15 മിനിറ്റ് വീതം കൂട്ടി നാലാം ശനിയാഴ്ച അവധി, ഒപ്പം പ്രതിവർഷമുള്ള 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കുക തുടങ്ങിയവയായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനയ്ക്ക് മുന്നിൽ വച്ച നിർദ്ദേശം.
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാർക്ക് നാലാം ശനി അവധി എന്ന നിർദ്ദേശം സർക്കാർ മുന്നോട്ടുവച്ചത്. ഒരു വർഷത്തിനകം ജോലി കിട്ടാൻ അർഹതയുള്ളവർക്ക് മാത്രമായി ആശ്രിതനിയമനം പരിമിതപ്പെടുത്താനായിരുന്നു തീരുമാനം. അന്ന് പ്രവർത്തിസമയം കൂട്ടുന്നതിനോടൊപ്പം കാഷ്വൽ ലീവ് 5 എണ്ണം കുറയ്ക്കും എന്നും പറഞ്ഞിരുന്നു. സർവീസ് സംഘടനകളുടെ എതിർപ്പിനെതുടർന്ന് 5 എന്നത് രണ്ടെണ്ണം ആക്കി കുറച്ചു. എന്നിട്ടും സംഘടനകൾ അംഗീകരിക്കാതെ വന്നതോടെയാണ് മുഖ്യമന്ത്രി ശുപാർശ തള്ളിയത്.