രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കമാണ് പുരോഗമിക്കുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി കിരണ്‍ റിജിജുവും കൂടിക്കാഴ്ച നടത്തി. കിരണ്‍ റിജിജുവിന് പുറമെ വിവിധ വകുപ്പ് സെക്രട്ടറിമാരും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും ചര്‍ച്ചയുടെ ഭാഗമായി.
ഏകീകൃത സിവില്‍ കോഡ് നടപ്പായാല്‍ വിവാഹം, വിവാഹമോചനം, പിന്തുടര്ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് പൊതുനിയമത്തിന് കീഴില്‍ വരും. ഈ വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാകില്ല.
2014 മുതൽ ബി.ജെ.പി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആശയമാണ് ഏകീകൃത സിവിൽ കോഡ്.2014-ലേയും 2019-ലേയും ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഏകീകൃത സിവില്‍ കോഡ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ഏകീകൃതസിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ബിജെപി തുടക്കമിട്ടിരിക്കുന്നത്.