തിരുവനന്തപുരം പൂജപ്പുരയിൽ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് പൂജപ്പുര ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഇവിടേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തുകയായിരുന്നു. മാർച്ച് നടത്തിയ ബിജെപി പ്രവർത്തകർ ബാരിക്കേഡ് കടക്കാൻ ശ്രമിക്കവേ പോലീസ് പ്രവർത്തകരെ തടഞ്ഞു. ഇത് ബിജെപി പ്രവർത്തകരും പോലീസും തമ്മിലുള്ള ഉന്തിനും തള്ളിനും കലാശിച്ചു. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
വിവാദ ഡോക്യുമെന്ററി പൂജപ്പുരയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ നേരത്തെ തന്നെ ബിജെപി രംഗത്ത് വന്നിരുന്നു. പ്രദർശനം തടയുമെന്ന് യുവമോർച്ചാ സംഘവും ബിജെപിയും പറഞ്ഞു. ആര് എതിർത്താലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും പറഞ്ഞു. സംഘർഷാവസ്ഥ മുന്നിൽകണ്ട് പൂജപ്പുര- തിരുമല റോഡ് ബാരിക്കേഡുകൾ നിരത്തി പോലീസ് ഉപരോധിച്ചു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടഞ്ഞു. പ്രദർശനം തുടങ്ങിയതോടെ ബിജെപി പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ടു പോകാൻ ശ്രമിച്ചു. ഇതിനെ പോലീസ് തടയുകയായിരുന്നു. ബിജെപി യുവമോർച്ച പ്രതിഷേധം നടക്കുന്നതിനും 200 മീറ്റർ മാറിയാണ് ഡിവൈഎഫ്ഐ ഡോക്യുമെന്ററി പ്രദർശനം നടത്തിയത്.
അതേസമയം തിരുവനന്തപുരം മാനവീയം വീഥിയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെ തുടർന്ന് നടന്ന പ്രതിഷേധ ജാഥയിൽ സംഘർഷം ഉടലെടുത്തു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് യുവമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.