തൃശ്ശൂര്‍ പൂര നഗരിയിലെത്താൻ ആംബുലന്‍സിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പൂരസ്ഥലത്തേക്ക് ആംബുലൻസിൽ പോയിട്ടില്ലെന്ന പ്രസ്താവനയിൽ ആണ് ഇന്ന് കേന്ദ്ര മന്ത്രി മലക്കംമറിഞ്ഞത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കാറിലെത്തിയപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടകൾ ആക്രമിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. കാലിന് പ്രശ്നമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. അന്വേഷണത്തിന് സിബിഐയെ വിളിക്കാൻ ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.
തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. “കഴിഞ്ഞ ദിവസം ഞാൻ എന്താ പറഞ്ഞെ, ചങ്കൂറ്റമുണ്ടെങ്കിൽ എന്നാണ്. സിനിമാ ഡയലോഗായി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. നിങ്ങൾ അത് എങ്ങനെയാണ് ജനങ്ങളിലേക്ക് ഒരാളെ മോശക്കാരനായി കാണിക്കാൻ ഉപയോഗിക്കുന്നത്. നിങ്ങൾക്ക് അതിനുള്ള അവകാശമില്ല” സുരേഷ് ഗോപി കൂട്ടിച്ചേർത്തു.