ശനിയാഴ്ച രാത്രി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്. മഹാകുംഭ മേളയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതും പ്രയാഗ്‌രാജിലേക്കുള്ള ടിക്കറ്റ് വിൽപ്പനയിൽ പെട്ടെന്ന് ഉണ്ടായ വർധനവുമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ.
പ്രയാഗ്‌രാജിലേക്കായി റെയിൽവേ അധികൃതർ ഓരോ മണിക്കൂറിലും ഏകദേശം 1,500 ജനറൽ ടിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി, പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനിൽ കയറാൻ നൂറുകണക്കിന് യാത്രക്കാർ പ്ലാറ്റ്‌ഫോം 14 ൽ കാത്തിരിക്കുന്നുണ്ടെന്നും, ന്യൂഡൽഹിയിൽ നിന്ന് ദർഭംഗയിലേക്ക് ഓടുന്ന സ്വതന്ത്ര സേനാനി എക്‌സ്പ്രസിൽ കയറാൻ അടുത്തുള്ള 13-ാം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ തടിച്ചുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. അധിക ടിക്കറ്റ് വിൽപ്പനയുടെ ഫലമായി, പ്ലാറ്റ്‌ഫോം 14-ൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി, ഇത് തിരക്കിലേക്ക് നയിച്ചു, ആളുകൾക്ക് നിൽക്കാൻ പോലും ഒഴിഞ്ഞ സ്ഥലം ഉണ്ടായിരുന്നില്ല എന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു.
“സംഭവസമയത്ത്, പട്നയിലേക്ക് പോവുകയായിരുന്ന മഗധ് എക്സ്പ്രസ് 14-ാം പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു, ജമ്മുവിലേക്ക് പോവുകയായിരുന്ന ഉത്തർ സമ്പർക്ക് ക്രാന്തി 15-ാം പ്ലാറ്റ്‌ഫോമിലായിരുന്നു. 14-ൽ നിന്ന് 15-ലേക്ക് വരികയായിരുന്ന ഒരു യാത്രക്കാരൻ പടിക്കെട്ടുകളിൽ വഴുതി വീണു, തുടർന്ന് പിന്നിൽ വന്നവരും തട്ടിത്തടഞ്ഞുവീണു. പിന്നിൽ നിന്നവർ തിരക്കുമൂലം ഇവരെ ചവിട്ടി മുന്നോട്ടുപോയി. ഇതിനെ തുടർന്നാണ് പിന്നീട് ആളുകൾ തിക്കിലും തിരക്കിലും പെട്ടത്. ഒരു ഉന്നതതല സമിതി അന്വേഷിക്കുന്നുണ്ട്,” എന്ന് നോർത്തേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇന്ത്യൻ റെയിൽവേ 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശ് സർക്കാർ റെയിൽവേ പോലീസ് സംസ്ഥാനത്തെ എല്ലാ ട്രെയിൻ സ്റ്റേഷനുകളിലും, പ്രത്യേകിച്ച് മഹാ കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ, അതീവ ജാഗ്രത പാലിക്കാൻ ഉത്തരവിട്ടു. പ്രയാഗ്‌രാജിലേക്ക് പോകുന്ന എല്ലാ പ്രത്യേക ട്രെയിനുകളുടെയും പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സ്റ്റേഷനുകളിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കർശനമായ ഏകോപനം പാലിക്കണമെന്നും എഡിജിപി പ്രകാശ് ഡി ആവശ്യപ്പെട്ടു.