കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2022, 2023 വര്‍ഷങ്ങളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
കഥകളി വിഭാഗത്തിൽ മാർഗി വിജയകുമാർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യം എന്നിവർക്കാണ് പുരസ്ക്കാരം. കൂടാതെ ഫെലോഷിപ്പുകളും പുരസ്കാരങ്ങളും ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 92 പേര്‍ക്ക് അക്കാദമി പുരസ്കാരവും 80 പ്രതിഭകള്‍ക്ക് ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്കാരവും നല്‍കും. മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്ണൻ, കലാ വിജയൻ എന്നിവർക്ക് പുരസ്ക്കാരം ലഭിക്കും.
കർണാടക സംഗീതത്തിൽ ബോംബെ ജയശ്രീക്കും കൂടിയാട്ടത്തിൽ മാർഗി മധു ചാക്യാർ, ചെണ്ട വിഭാഗത്തിൽ പി.കെ. കുഞ്ഞിരാമൻ, തോൽപാവക്കൂത്തിൽ കെ. വിശ്വനാഥ പുലവർ എന്നിവർക്കും പുരസ്ക്കാരമുണ്ട്.
ആറുപേര്‍ക്കാണ് ഫെലോഷിപ്പ് അഥവാ അക്കാദമി രത്ന. വിനായക് ഖേദേക്കര്‍, ആര്‍. വിശ്വേശ്വരന്‍, സുനന്യ ഹസാരിലാല്‍, രാജ ആൻഡ് രാധ റെഡ്ഡി, ദുലാല്‍ റോയ്, ഡി.പി. സിന്‍ഹ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. ഫെലോഷിപ്പുകള്‍ക്ക് മൂന്നുലക്ഷം രൂപയും അക്കാദമി പുരസ്കാരത്തിന് ഒരുലക്ഷം രൂപയും യുവ പുരസ്കാരത്തിന് 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ബഹുമതികള്‍. മലയാളികളും പുരസ്കാരങ്ങള്‍ക്കര്‍ഹരായി.
ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ പുരസ്‌കാരത്തിന് 2022 വർഷത്തിൽ കെ. ഗായത്രി, ശ്വേതാ പ്രസാദ് (കര്‍ണാടക സംഗീതം), ബി. അനന്ത കൃഷ്ണന്‍ (കര്‍ണാടക സംഗീതം-വയലിന്‍), എസ്.വി. സഹാന (വീണ), അക്ഷര എം. ദാസ് (മോഹിനിയാട്ടം), അപര്‍ണ നങ്ങ്യാര്‍ (നങ്ങ്യാര്‍കൂത്ത്), നസറുള്ള (നാടോടി നൃത്തം, ലക്ഷദ്വീപ്) എന്നിവരും 2023 വർഷത്തിൽ അക്ഷയ് അനന്തപദ്മനാഭന്‍ (കര്‍ണാടക സംഗീതം-മൃദംഗം), അപൂര്‍വ ജയരാമന്‍ (ഭരതനാട്യം), കലാമണ്ഡലം വിപിന്‍ (കഥകളി), വിദ്യാമോള്‍ പ്രദീപ് (മോഹിനിയാട്ടം), രവി ശങ്കര്‍ (ചെണ്ട) അർഹരായി.