എസ്ഐആർ കരട് വോട്ടര്‍ പട്ടികയില്‍ വിവിധ കാരണങ്ങളാല്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ സഹായിക്കാന്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ സൗകര്യമൊരുക്കും. ഹെല്‍പ്പ് ഡെസ്കുകളില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായ നിർദേശങ്ങള്‍ നല്‍കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ വീതം താല്‍ക്കാലിക ജോലി ക്രമീകരണ വ്യവസ്ഥയില്‍ ചുമതലപ്പെടുത്തും. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അതത് ജില്ലാ കളക്ടര്‍മാരെ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹതയുള്ള ഒരു വോട്ടര്‍ പോലും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തില്‍ വളരെ പ്രധാനമാണ്. ഇത് ഉറപ്പാക്കുകയെന്നത് സര്‍ക്കാരിനുമുള്ള ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതികള്‍, തീരദേശമേഖല, മറ്റ് പിന്നോക്ക പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് എത്തി അര്‍ഹരായവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കും. ഇതിന് വില്ലേജ് ഓഫീസര്‍മാരുടെ ആവശ്യപ്രകാരം അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിന് അതത് സ്ഥാപനങ്ങളില്‍ ക്യാമ്പയിന്‍ പരിപാടികള്‍ സംഘടിപ്പിച്ച് ആവശ്യമായ ബോധവല്‍ക്കരണവും നടത്തും.

