കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ മെഡിറ്ററേനിയൻ കമ്പനി ബാങ്ക് ഗ്യാരണ്ടി കെട്ടിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 1227.62 കോടിയുടെ ബാങ്ക് ഗാരണ്ടിയാണ് കപ്പല്‍ കമ്പനി ഹൈക്കോടതിയിൽ കെട്ടിവച്ചത്. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുക ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. നഷ്ടപരിഹാരം നൽകില്ലെന്ന ആദ്യ നിലപാടിൽ നിന്ന് കമ്പനി പിൻവാങ്ങുകയായിരുന്നു. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളതെന്നും അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കപ്പല്‍ കമ്പനി ആദ്യം മുതല്‍ സ്വീകരിച്ച നിലപാട്. തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്ത് തുടരുകയായിരുന്നു.
തുക കെട്ടിവയ്ക്കാതെ കമ്പനിയുടെ എംഎസ‌്സി അക്കിറ്റേറ്റ എന്ന കപ്പല്‍ വിട്ടുകൊടുക്കേണ്ടതില്ലെന്ന ഉത്തരവ് കോടതി പുതുക്കിയില്ല. ഇതോടെയാണ് 133 കോടി കെട്ടാമെന്ന നിലപാടില്‍ നിന്ന് കമ്പനി പിന്നാക്കം പോയത്. അപകടം രാജ്യാതിര്‍ത്തിക്ക് പുറത്ത് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും നഷ്ടപരിഹാരം തേടിയുള്ള അഡ്മിറാലിറ്റി സ്യൂട്ട് നിലനില്‍ക്കില്ലെന്നും സ്യൂട്ട് നൽകാൻ സര്‍ക്കാരിന് അധികാരമില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം.
കഴിഞ്ഞ മേയ് 24-നാണ് കേരളാ തീരത്തു നിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലായിരുന്നു ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്സി എൽസ – 3 അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ചരക്കുകപ്പൽ അറബിക്കടലിൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. കപ്പൽ പൂർണമായി മുങ്ങിയതോടെ കണ്ടെയ്നറുകൾ സംസ്ഥാനത്തിൻറെ തെക്കൻ തീരങ്ങളിൽ പലയിടത്തായി അടിഞ്ഞിരുന്നു.

