ഹോട്ടലില്‍ നിന്ന് പേടിച്ചോടിയത് ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നാണെന്നും വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണെന്നും നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ തമിഴ്നാട്ടിലേക്ക് പോയിരുന്നുവെന്നും ഷൈൻ മൊഴിയിൽ പറയുന്നു. സിനിമാ മേഖലയിൽ ശത്രുക്കളുണ്ട്. അവരെ താൻ പേടിക്കുന്നു. അവർ ആരൊക്കെയാണ് തനിക്ക് അറിയില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തൻ്റെ വളർച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം.
രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈൻ പൊലീസിന് മൊഴി നൽകി. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്താൻ നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ് തയ്യറെടുക്കുകയാണ്. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ പിന്നിട്ടു.
ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പൊലീസ്. വാട്സ്ആപ്പ് ചാറ്റുകളും കോളുകളമാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഗിൾ പേ ഇടപാടുകളും നടത്തിയ ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈൻ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപാടുകൾക്ക് മറ്റ് ഫോൺ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈൻ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഒരു ഫോൺ മാത്രമാണ് ഷൈന്‍ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്. ഷൈനിന്റെ ഫോൺ സന്ദേശങ്ങളും ഗൂഗിൾ പേ ഇടപാടുകളും ആണ് നിലവിൽ പൊലീസ് പരിശോധിക്കുന്നത്. ഇതിൽ കുറ്റം തെളിയിക്കും വിധം ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ കേസുടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈൻ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സെൻട്രൽ എ.സി.പി സി.ജയകുമാർ, നാർക്കോട്ടിക് എ.സി.പി കെ. എ അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തിൽ പൂർണമായും സഹകരിക്കുന്നില്ല എന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്.