കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി. ‘പരിപാടികളില്‍ ആര് വേണമെങ്കിലും പങ്കെടുക്കട്ടെ. ആര് വന്നാലും വന്നില്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല. ആരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്, ആര്‍ക്കെല്ലാം അസൗകര്യമുണ്ട് എന്നതൊന്നും എന്റെ വിഷയമല്ല. ആര് വന്നാലും ഇല്ലെങ്കിലും പ്രശ്‌നമില്ല’ ശശി തരൂർ പറഞ്ഞു. കോട്ടയം ഡിസിസിയുടെ എതിര്‍പ്പ് വകവെക്കാതെ ജില്ലയില്‍ തീരുമാനിച്ച പരിപാടികളിലെല്ലാം പങ്കെടുക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. വൈകീട്ട് ജില്ലയിലെത്തുന്ന തരൂര്‍, പാല, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്മാരെ കാണും. കെ.എം. ചാണ്ടി അനുസ്മരണത്തിലും പങ്കെടുക്കും
തരൂര്‍ പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഓഫീസോ യൂത്ത് കോണ്‍ഗ്രസോ തനിക്ക് യാതൊരു വിധ അറിയിപ്പും നല്‍കിയിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ശശി തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകുമെന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു. തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും അറിയിച്ചിരുന്നു. ശശി തരൂര്‍ സമാന്തര നീക്കം നടത്തുമെന്ന് താന്‍ കരുതുന്നില്ലെന്ന് കോട്ടയത്തുനിന്നുള്ള മുതിര്‍ന്ന നേതാവായ കെ.പി.സി.സി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ പരിപാടി നടത്തുന്ന വിവരം ഡിസിസിയെ അറിയിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് ആണെന്ന നിലപാടിലാണ് തരൂര്‍.