മുതിർന്ന ആർഎസ്എസ് പ്രചാരകും എഴുത്തുകാരനും, വാഗ്മിയുമായ ആർ ഹരി അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. എറണാകുളം അമൃത ആശുപത്രിയിൽ രാവിലെ 7.30 ഓടെ ആയിരുന്നു അന്ത്യം. ആര്‍എസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയിരുന്നു. കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകനാണ്. കേരളത്തിൽ ആര്‍എസ്എസിന് വേരോട്ടം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മലയാളം ഇംഗ്ളീഷ് ഹിന്ദി മറാത്തി കൊങ്ങിണി ബംഗാളി ഭാഷകളിൽ നിരവധി പുസ്തകങ്ങൾ എഴുതി.
1948ൽ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടർന്ന് സംഘത്തിന് നിരോധനം ഉണ്ടായപ്പോൾ സംഘത്തിന്റെ അഖിലഭാരതീയ സത്യാഗ്രഹത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ഠിച്ചു. 1951ൽ സംഘപ്രചാരകായി ആദ്യം വടക്കൻ പറവൂരിൽ പ്രവർത്തിച്ചു. പിന്നീട്, തൃശൂർ ജില്ല,പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ പ്രവർത്തിച്ചിരുന്നു.
1980ൽ സഹപ്രാന്ത് പ്രചാരകനായി. 1983ൽ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും,1989 ൽ അഖില ഭാരതീയ സഹ-ബൗധിക് പ്രമുഖായി.ഒരു വര്ഷം കഴിഞ്ഞപ്പോൾ അഖില ഭാരതീയ ബൗധിക് പ്രമുഖുമായി നിയമിതനായി. അടിയന്തരാവസ്ഥക്കു ശേഷം കുരുക്ഷേത്ര എന്ന പേരിൽ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയത് ആർ ഹരി ആയിരുന്നു.
രംഗ ഹരി എന്നാണ് പൂർണ്ണമായ പേര്. 1930 ൽ എറണാകുളം ജില്ലയിലാണ് ജനനം, അച്ഛൻ രംഗ ഷേണോയ് അമ്മ പത്മാവതി. എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിലും ,മഹാരാജാസ് കോളേജിലും പഠനത്തിന് ശേഷം ബാലസ്വയംസേവകനായി രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ ചേർന്നു. ആർ.ഹരിയുടെ മൃതദേഹം എളമക്കരയിലെ ആര്‍എസ്എസ് കാര്യലയത്തിൽ പൊതുദർശനത്തിനു വയ്ക്കും
ഭാരതീയമായതെല്ലാം കേരളത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ചിന്തയുടെ മണ്ഡലത്തില്‍ നുണ കൊണ്ട് ഇരുട്ട് പടര്‍ത്തിയ അതേ കാലത്ത് ആദര്‍ശത്തിന്റെ വെളിച്ചം ആയിരങ്ങളില്‍ നിറച്ച് സനാതന ദേശീയതയെ ജീവിതത്തിലുറപ്പിച്ച സംഘ ഋഷിയുടെ വിടവാങ്ങല്‍. ടിഡി ക്ഷേത്രത്തിലെ കളിമുറ്റത്തുനിന്നാണ് സംഘാദര്‍ശത്തിന്റെ കൊടിയുമായി അദ്ദേഹം ദേശാന്തരങ്ങള്‍ സഞ്ചരിച്ചത്.
പതിമൂന്നാം വയസില്‍ തുടങ്ങിയതാണ് സംഘ ജീവിതം.അഞ്ചു ഭൂഖണ്ഡങ്ങളില്‍ സഞ്ചരിച്ചു. ഗുരുജി ഗോള്‍വല്‍ക്കര്‍, മധുകര്‍ ദത്താത്രേയ ദേവറസ്, പ്രൊഫ. രാജേന്ദ്ര സിങ്, കെ.എസ്. സുദര്‍ശന്‍, ഡോ.മോഹന്‍ ഭാഗവത് എന്നീ അഞ്ച് സര്‍സംഘചാലകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
1930 ഡിസംബര്‍ 5ന് എറണാകുളത്ത് പുല്ലേപ്പടിയില്‍ തെരുവില്‍പ്പറമ്പില്‍ വീട്ടില്‍ ടി.ജെ. രംഗ ഷേണായിടെയും തൃപ്പൂണിത്തുറ സ്വദേശിനി പത്മാവതിയുടെയും മകന്‍. എട്ട് മക്കളില്‍ രണ്ടാമനായിരുന്നു ആര്‍. ഹരി. മൂന്ന് സഹോദരന്മാര്‍. നാല് സഹോദരികള്‍. ഈസ്‌റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ വിജിലന്‍സ് ഓഫീസറായിരുന്ന അന്തരിച്ച ടി.ആര്‍. പുരുഷോത്തമ ഷേണായി, പരേതയായ വത്സല ബായ്, എഫ്എസിടിയില്‍ ഡെപ്യൂട്ടി ഫിനാന്‍സ് മാനേജറായിരുന്ന ആര്‍. സുരേന്ദ്ര ഷേണായ്, അഭിഭാഷകനായ ആര്‍. ധനഞ്ജയ് ഷേണായി, അന്തരിച്ച ജയാബായ്, അന്തരിച്ച വിശയ ബായ്, വിഷ്ണുപ്രിയ എന്നിവരാണ് സഹോദരങ്ങള്‍.
സ്‌കൂള്‍ പഠനം സെന്റ്ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍. മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം. ബിഎസ്എസി കെമിസ്ട്രിയില്‍ പ്രവേശനം നേടിയെങ്കിലും പഠന കാലത്ത് ജയില്‍വാസവും അനുഭവിച്ച് മടങ്ങിവന്നപ്പോള്‍ അത് തുടരാനായില്ല. തുടര്‍ന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. സംസ്‌കൃതം പ്രത്യേകം പഠിച്ചു. മഹാത്മാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയ 1948 ഡിസംബര്‍ മുതല്‍ 1949 ഏപ്രില്‍ വരെ സത്യാഗ്രഹിയായി കണ്ണൂരില്‍ ജയില്‍വാസം അനുഭവിച്ചു.
ബിരുദ പഠനത്തിന് ശേഷം പൂര്‍ണസമയ പ്രവര്‍ത്തകനായി. വടക്കന്‍ പറവൂരില്‍ പ്രചാരകനായി തുടക്കം. പിന്നീട് നിരവധി ചുമതലകള്‍. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 1983 മുതല്‍ 1993 വരെ കേരള പ്രാന്ത പ്രചാരക്, 1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, 1991-2005 കാലയളവില്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്, 1994 മുതല്‍ 2005 വരെ ഏഷ്യ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രഭാരി, 2005-2006 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം എന്നീ പദവികള്‍ വഹിച്ചു.
സംസ്‌കൃതം, കൊങ്കിണി, മലയാളം, ഹിന്ദി, മറാത്തി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളിലും പ്രാവീണ്യം. 12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീഗുരുജിയുടെ ‘ഗുരുജി സമഗ്ര’ എന്ന സമ്പൂര്‍ണ കൃതികള്‍ എഡിറ്റ് ചെയ്തു. പൃഥ്വി സൂക്ത: ആൻ ഓഡ് ടു മദർ എർത്ത് എന്നതാണ് ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം.