ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൗമപ്രതിഭാസം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജോഷിമഠിനെ പ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ ജനുവരി 16ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ജസ്റ്റിസ് പിഎസ് സിംഹയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വ്യക്തമാക്കിയത്.
ശങ്കരാചാര്യ മഠത്തിലെ സ്വാമി അവിമുക്‌തേശ്വരാനന്ദ് സരസ്വതിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഉത്തരാഖണ്ഡിലെ നിലവിലുള്ള പ്രതിസന്ധി നേരിടാൻ സർക്കാരിന് അറിയില്ലെന്നും ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നുമാണ് ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. വീടുകളിൽ അടക്കം വിള്ളലുകൾ വീണതിന് പിന്നാലെ ആളുകൾ താമസസ്ഥലങ്ങൾ ഉപേക്ഷിച്ച് പൊതുസ്ഥലങ്ങളിൽ നിൽക്കുകയാണെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. എന്നാൽ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും സുപ്രീം കോടതി വാദം കേൾക്കണമെന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ വിഷയങ്ങൾ കൈാകാര്യം ചെയ്യുന്നതിന് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ പ്രവർത്തിക്കുന്നുണ്ട്. താഴെത്തട്ടിൽ ആ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങൾ ഇന്ന് മുതൽ പൊളിച്ചു നീക്കും. ജോഷിമഠിനെ ഭൂമിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൂന്ന് സോണുകളാക്കി തിരിച്ചിട്ടുണ്ട്. അപകട മേഖല, ബഫർ സോൺ, പൂർണ്ണ സുരക്ഷയുള്ള മേഖല എന്നിങ്ങനെയാണ് തിരിച്ചത്. മണ്ണിടിച്ചിലുണ്ടായ ഇടങ്ങളിലെ 600ൽ ഏറെ കെട്ടിടങ്ങളിൽ വിള്ളൽ വീണിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മൗണ്ട് വ്യൂ, മല്ലാരി ഇൻ എന്നീ ഹോട്ടലുകൾ ആദ്യം പൊളിക്കും. ഈ ഹോട്ടലുകളിൽ വിള്ളലുകൾ ഉണ്ടാവുകയും ഒരു ഭാഗത്തേയ്ക്ക് ചരിഞ്ഞ് നിൽക്കുകയുമാണ്. ഹോട്ടലിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.