ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക പാളി കേസിലാണ് ജാമ്യം. ദ്വാരപാലകപാളി കേസിലും 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം. സ്വാഭാവിക ജാമ്യമാണ് കൊല്ലം വിജിലൻസ് കോടതി നൽകിയത്. സ്വർണകൊള്ള കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ആളാണ് എ പദ്മകുമാർ. കട്ടിളപ്പാളി കേസിൽ നേരത്തെ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെ മറ്റു കേസുകളിലും നേരത്തെ ജാമ്യം ലഭിച്ചിരുന്ന പത്മകുമാർ ജയിലിൽ നിന്ന് പുറത്തിറങ്ങും. സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശാൻ കരാർ നൽകിയതിലും തുടർന്നുണ്ടായ സാമ്പത്തിക ഇടപാടുകളിലും അഴിമതി നടന്നെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.
ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ അധികാര ദുർവിനിയോഗം നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ പത്മകുമാറിന്റെ ജയിൽവാസം അവസാനിക്കുകയാണ്.
ശബരിമല സ്വർണകൊള്ള കേസിൽ 2025 നവംബർ 20നാണ് ദേവസ്വം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാർ അറസ്റ്റിലാകുന്നത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. പിന്നാലെ റിമാൻഡിൽ കഴിയവെ ദ്വാരപാലകപാളി കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കട്ടിളപ്പാളി കേസിൽ ഫെബ്രുവരി 20ന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരാപാലക കേസിൽ കൂടി സ്വാഭാവിക ജാമ്യം ലഭിച്ചതോടെ പത്മകുമാർ ജയിൽ മോചിതനാകും.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേർക്ക് സ്വഭാവിക ജാമ്യം ലഭിച്ചിരുന്നു. തന്ത്രി കണ്ഠരര്, കെഎസ് ബൈജു എന്നിവർക്കും ജാമ്യം ലഭിച്ചിരുന്നു. റിമാൻഡ് 90 ദിവസം പൂർത്തിയാക്കുന്നതോടെ മറ്റു പ്രതികളും ജാമ്യത്തിനായി കോടതിയെ സമീപിക്കും.

