പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് കൂടുതൽ അസംസ്‌കൃത എണ്ണ എത്തിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചു. നിലവിൽ ഏകദേശം 95 ലക്ഷം ബാരൽ റഷ്യൻ അസംസ്‌കൃത എണ്ണയുമായി കപ്പലുകൾ ഇന്ത്യൻ സമുദ്രമേഖലയ്ക്ക് സമീപമുണ്ടെന്നും വിതരണ തടസ്സം നേരിട്ടാൽ ആഴ്ചകൾക്കുള്ളിൽ ഇവ ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആഗോള ഊർജ്ജ വ്യാപാരത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ഇന്ത്യയുടെ ഇന്ധന സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് റഷ്യയുടെ ഈ നിർണ്ണായക നീക്കം.
മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടാൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 40 ശതമാനം വരെ നിറവേറ്റാൻ തയ്യാറാണെന്ന് മോസ്കോ അറിയിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ അമേരിക്കയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറച്ചിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് വീണ്ടും 30 ശതമാനമായി വർദ്ധിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം മാറുന്നതിനനുസരിച്ച് റഷ്യൻ എണ്ണ കൂടുതൽ വാങ്ങുന്ന കാര്യത്തിൽ സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയേക്കും.
ഇന്ത്യയുടെ പരിമിതമായ എണ്ണശേഖരം ആഗോള വിതരണത്തിലുണ്ടാകുന്ന പെട്ടെന്നുള്ള തടസ്സങ്ങൾ നേരിടാൻ പര്യാപ്തമല്ല. ഏകദേശം 25 ദിവസത്തെ ആവശ്യത്തിനുള്ള ക്രൂഡ് ഓയിൽ ശേഖരം മാത്രമാണ് നിലവിൽ ഇന്ത്യയിലുള്ളത്. ഡീസൽ, പെട്രോൾ, പാചകവാതകം എന്നിവയുടെ ശേഖരവും താരതമ്യേന കുറവാണ്. പശ്ചിമേഷ്യൻ യുദ്ധം അടുത്ത 10-15 ദിവസത്തേക്ക് കൂടി തുടർന്നാൽ അത് ഇന്ത്യയിലേക്കുള്ള എണ്ണ വരവിനെ സാരമായി ബാധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ ഭയപ്പെടുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നത്. പ്രതിദിനം 56 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യൻ റിഫൈനറികൾ സംസ്കരിക്കുന്നത്. അതിനാൽ തന്നെ ഷിപ്പിംഗ് റൂട്ടുകളിലെ ഏത് തടസ്സവും ഇന്ത്യയെ പെട്ടെന്ന് പ്രതിസന്ധിയിലാക്കും.

