ഇന്ന് പുലർച്ചെയോടെയാണ് അതിരൂക്ഷമായ ആക്രമണം യുക്രൈന് നേരെ റഷ്യ നടത്തിയത്. നൂറിലധികം മിസൈലുകൾ യുക്രെയ്‌നെതിരെ റഷ്യ പ്രയോഗിച്ചതായാണ് റിപോർട്ടുകൾ. കൈവ്, സൈറ്റോമിർ, ഒഡേസ എന്നിവിടങ്ങളിൽ സ്‌ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്‌സും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. തലസ്ഥാന നഗരമായ കീവ് അടക്കം നിരവധി നഗരങ്ങളിൽ സ്‌ഫോടന ശബ്ദം മുഴങ്ങിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
കിഴക്കൻ പ്രവിശ്യയായ ഡൊനെറ്റ്സ്‌കിലെ യുക്രെയ്ൻ അധീനതയിലുള്ള നഗരമായ ബഖ്മുട്ടിന് ചുറ്റും കനത്ത പോരാട്ടം തുടരുകയാണ്. കെർസണിനും സപോരിജിയയ്ക്കും ചുറ്റുമുള്ള 25-ലധികം ജനവാസ കേന്ദ്രങ്ങളിൽ റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്‌നിലെ സായുധ സേനയുടെ ജനറൽ സ്റ്റാഫ് പറഞ്ഞു. ഉക്രേനിയൻ സമാധാന പദ്ധതി ക്രെംലിൻ നിരസിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. കീവ് അടക്കം നാല് പ്രദേശങ്ങളുടെ കൂട്ടിച്ചേർക്കൽ അംഗീകരിക്കണമെന്ന് മോസ്‌കോ ആവശ്യപ്പെടുന്നു. ദിവസേനയുള്ള ബോംബാക്രമണം നഗരങ്ങളെയും പട്ടണങ്ങളെയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും നശിപ്പിക്കുന്നുവെന്ന് യുക്രെയ്ൻ പറഞ്ഞു. ബുധനാഴ്ച, കെർസണിലെ ഒരു ആശുപത്രിയുടെ പ്രസവ വിഭാഗത്തിന് നേരെ റഷ്യൻ ഷെല്ലാക്രമണം ഉണ്ടായി. എന്നാൽ യുക്രെയ്ൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നുവെന്ന ആരോപണം റഷ്യ ആവർത്തിച്ച് നിഷേധിച്ചു.