ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കുമെന്ന് റിപോർട്ടുകൾ. 2021മുതലുള്ള കരാറാണ് റദ്ദാക്കുക. പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടിയിരിക്കുകയാണ് ഇന്ത്യ. ഇതിന്‍റെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.
അതേസമയം, കശ്മീരിലെ അതിത്തിയിൽ പാക് വെടിവെപ്പ് തുടരുകയാണ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരുഅയൽക്കാർക്കും ഇടയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്. ഒരു മലയാളി ഉള്‍പ്പെടെ 26 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.