കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മൃഗവേട്ട അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.
‘വേടൻ’ എന്നറിയപ്പെടുന്ന മലയാളി റാപ് ഗായകൻ തൃശൂർ മുളങ്കുന്നത്തുകാവ് വടക്കേപുരയിൽ വി എം ഹിരൺദാസിനെ തിങ്കളാഴ്‌ച കഞ്ചാവുമായി പിടിയിലായിരുന്നു. തൃപ്പുണിത്തുറയ്ക്കടുത്ത് എരൂർ കണിയാമ്പുഴയിലുള്ള ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്‌ഡിൽ ആറു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതേത്തുടർന്നുള്ള ചോദ്യംചെയ്യലിനിടെയാണ് വേടന്റെ കഴുത്തിലെ മാലയിലുള്ളത് പുലിപ്പല്ലാണെന്നും കണ്ടെത്തിയത്. ഇതേത്തുടർന്ന് വനംവകുപ്പും ഗായകന അറസ്റ്റ് ചെയ്യുകയായിരുന്നു.
പിടിച്ചെടുത്ത കഞ്ചാവിന്‍റെ അളവ് കുറവായിരുന്നതിനാൽ വേടനും കൂടയുള്ള ഒൻപത് പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെയാണ് വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ സമ്മാനിച്ചതാണെന്നാണ് വേടന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്കു കൊണ്ടുപോയി. ചൊവ്വാഴ്ച പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഗായകനെ ഹാജരാക്കും. പുലിപ്പല്ല് നൽകിയ രഞ്ജിത് കുമ്പിടിയെ അറിയില്ല എന്ന് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്റെ മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്ന് റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളി പറഞ്ഞു. ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും റാപ്പർ വേടൻ പറഞ്ഞു. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.