ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. ആകെ 15 പേരാണ് പ്രതികൾ. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം.
2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു. രഞ്ജിത്തിനെ വധിച്ചത്. ഷാൻ വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.