കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങി. കശ്മീരി ഗേറ്റിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുൻപിൽ നിന്ന് രാവിലെ പത്ത് മണിക്കാണ് യാത്ര തുടങ്ങിയത്. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ യാത്ര കശ്മീരിലവസാനിക്കും.
അതെ സമയം ഭാരത് ജോഡോ യാത്രയ്ക്കുള്ള സുരക്ഷ ഒരു പ്രധാന ചര്‍ച്ചാവിഷയമായി മാറി. ജനുവരി 11 ന് അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലേക്കും ഈ മാസം മൂന്നാം വാരത്തില്‍ ഏറ്റുമുട്ടലുകള്‍ നടന്നുവരുന്ന ജമ്മു കശ്മീരിലേക്കും യാത്ര കടക്കുന്നതാണ് സുരക്ഷയിൽ ആശങ്ക വര്‍ദ്ധിക്കുന്നത്. യാത്രയ്ക്കിടയിലെ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് ഡിസംബര്‍ 24 ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു.
ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ പര്യടനത്തിനു ശേഷം യാത്ര ശംഭു അതിര്‍ത്തി വഴി പഞ്ചാബിലേക്ക് നീങ്ങും. ജമ്മു കശ്മീരില്‍ പദയാത്ര എത്തുന്നതിനു മുമ്പ് എട്ട്- ഒമ്പത് ദിവസം വരെ പഞ്ചാബില്‍ യാത്ര തുടരും. ഡോ.ബി.ആര്‍.അംബേദ്കര്‍ ചൗക്ക് പോലുള്ള പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന തരത്തിലാണ് ജലന്ധറിലെ പദയാത്ര ആസൂത്രണം ചെയ്യുന്നത്. കര്‍ത്താര്‍പൂരിലേക്കും ആദംപൂരിലേക്കും പോകുന്നതിന് മുമ്പ് പട്ടേല്‍ ചൗക്ക്, പത്താന്‍കോട്ട് ചൗക്ക് എന്നിവിടങ്ങളിലൂടെ യാത്ര കടന്നുപോകും. നിരോധിത ഖാലിസ്ഥാന്‍ അനുകൂല ഭീകര സംഘടനയുടെ ഭീഷണി രാഹുലിന്റെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്കുണ്ട്. യാത്ര തടയുമെന്ന ഭീഷണി ഖാലിസ്ഥാന്‍ അനുകൂലികള്‍ ഉയര്‍ത്തിയിട്ടുണ്ട്. യാത്ര കടന്നുപോകുന്ന ഇടങ്ങളിലെല്ലാം പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട് പോയി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തീരുമാനിച്ചു.