ഖത്തറിൽ ജയിലിലായിരുന്ന മലയാളിയടക്കമുള്ള ഇന്ത്യൻ നാവികരെ മോചിപ്പിച്ചു. ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരെയാണ് മോചിപ്പിച്ചത്. എട്ട് നാവികരിൽ 7 പേർ ഇന്ത്യയിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സർക്കാർ ഇടപെട്ട് ഇവരുടെ ശിക്ഷ ജയിൽവാസമായി കുറച്ചിരുന്നു. ഇസ്രയേലിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്നായിരുന്നു ആരോപണം. മോചിപ്പിക്കപ്പെട്ടവരിൽ ഒരാൾ മലയാളിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റില്‍ അൽ ദഹ്‌റ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇവരെ പിടികൂടിയിരുന്നു . ഇന്ത്യൻ പൗരന്മാർക്കെതിരായ ആരോപണങ്ങൾ ഖത്തർ അധികൃതരോ ന്യൂഡൽഹിയോ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബറിലാണ് ഖത്തറിലെ വിചാരണ കോടതി എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട മുന്‍ നാവികരുടെ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഡിസംബര്‍ 28ന് അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി.
ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്. ഖത്തർ അമിർ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നല്കിയിരുന്നു. ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.