സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിടികൂടിയ പ്രതികളിൽ നിന്ന് മൂന്ന് പിസ്റ്റളുകൾ പിടിച്ചെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുർദേവ് സിങ്ങിന്റെ കൂട്ടാളികളാണ് പ്രതികളെന്ന് സംസ്ഥാന പോലീസ് മേധാവി ഗൗരവ് യാദവ് വ്യക്തമാക്കി.
“പ്രാഥമിക അന്വേഷണത്തിൽ, പഞ്ചാബിലെ സമാധാനവും ഐക്യവും തകർക്കാനുള്ള ഗൂഢാലോചന പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പിസ്റ്റളുകളും പണവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നു”-ഗൗരവ് യാദവ് പറഞ്ഞു.
എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിന് രാജ്യം ഒരുങ്ങുമ്പോൾ രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലാണ്. പ്രധാന നഗരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാണ്. വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം, നഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.