പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ തുടര്‍ച്ചയായി ഇറങ്ങുന്ന പി ടി 7 എന്ന കൊമ്പനെ തളയ്ക്കാന്‍ ഇന്ന് നടത്തിയ ശ്രമം ഫലം കണ്ടില്ല. ആനയെ മയക്കുവെടി വച്ച് പിടിക്കാനുള്ള ശ്രമത്തിനിടെ ആന ഉള്‍ക്കാട്ടിലേക്ക് കടന്നതാണ് വെല്ലുവിളിയായത്. ആനയെ കാട്ടില്‍ നിന്നിറക്കി മയക്കുവെടിവയ്ക്കാനാണ് ദൗത്യസംഘത്തിന്റെ ശ്രമം. കാട്ടിനുള്ളില്‍ വച്ച് വെടിവയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് ദൗത്യസംഘം പറയുന്നു. വെടിയേല്‍ക്കുന്ന ആന പരിഭ്രാന്തിയില്‍ കാടിന്റെ ഉള്ളിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. ചെരുവുള്ള പ്രദേശത്തോ ജലാശയത്തിലോ മയങ്ങി വീഴാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്നത്തെ ശ്രമം ഫലിക്കാത്തതിനാൽ മൂന്ന് കുങ്കിയാനകളെയും ക്യാമ്പിലേയ്ക്ക് തിരിച്ചെത്തിച്ചു.
ഇന്നലെയാണ് പിടി-7നെ തളയ്ക്കാന്‍ ദൗത്യസംഘം എത്തിയത്. മൂന്ന് കുങ്കിയാനകള്‍ അടക്കം എല്ലാ സജ്ജീകരണങ്ങളുമായി 22 അംഗ സംഘമാണ് അഞ്ച് യൂണിറ്റായി തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നത്. രണ്ടായി തിരിഞ്ഞ ദൗത്യ സംഘം രാവിലെ ആറേകാലോടെ വനത്തിലേക്ക് പ്രവേശിച്ചിരുന്നു. ആനയെ ട്രാക്ക് ചെയ്യുകയും ആന നില്‍ക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാന്‍ പറ്റിയതാണോ എന്ന് പരിശോധിക്കുകയുമായിരുന്നു ആദ്യസംഘത്തിന്റെ ചുമതല. വനത്തില്‍ നിന്നും ആന പുറത്തേക്ക് ഇറങ്ങിയാല്‍ ഉടന്‍ രണ്ടാം സംഘത്തെ രംഗത്തിറക്കി മയക്കുവെടി വയ്ക്കാനായിരുന്നു നീക്കം. എന്നാൽ മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലത്ത് ആന എത്താതിരുന്നതാണ് ഇന്നത്തെ ശ്രമം ഫലം കാണാതിരുന്നത്. ട്രാക്കിംഗ് ടീം പിടി സെവനെ നിരീക്ഷിക്കുമെന്ന് പാലക്കാട് എസിഎഫ് അറിയിച്ചു.