അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻ ബർഗ് റിപ്പോർട്ട് വന്നതിനുശേഷം രാജ്യത്തിന്റെ പലഭാഗത്തുനിന്നും അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ഉള്ള ആരോപണങ്ങൾ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവച്ച പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. അദാനി ഗ്രൂപ്പ് സമർപ്പിച്ച സാമ്പത്തിക രേഖകളിൽ കോർപ്പറേറ്റ് മന്ത്രാലയം പരിശോധന ആരംഭിച്ചു. കഴിഞ്ഞവർഷം സമർപ്പിച്ച രേഖകളിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുക.
കമ്പനി കാര്യ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് അദാനി ഗ്രൂപ്പിനെതിരായ പ്രാഥമിക പരിശോധന നടത്തുന്നത്. കമ്പനി ചട്ടം സെക്ഷൻ 250 അനുസരിച്ച് ആയിരിക്കും അന്വേഷണ നടപടികൾ. സെബിയും അദാനി ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണസ്ഥാപനമായ ഹിൻഡൻ ബർഗ്, അദാനി ഗ്രൂപ്പ് വരുമാനം പെരുപ്പിച്ചു കാണിച്ചുവെന്ന് ആരോപിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ ഉൾപ്പെടെ അദാനി ഗ്രൂപ്പിന് വൻ തകർച്ചയാണ് നേരിടേണ്ടിവന്നത്.