പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനം ഇന്ന് ആരംഭിക്കും. തെലങ്കാന, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് പര്യടനം നടത്തുന്നത്. രാവിലെ സെക്കന്തരാബാദ് – തിരുപ്പതി വന്ദേഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ബിബിനഗറിലെ എയിംസിനും പ്രധാനമന്ത്രി തറക്കല്ലിടും. ഉച്ചക്ക് 12.15ന് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ11360 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നാടിനു സമർപ്പിയ്ക്കും.
ഇന്ന് വൈകിട്ട് മൂന്നു മണിക്ക് തമിഴ്‌നാട്ടില്‍ ചെന്നൈ വിമാനത്താവളത്തില്‍ 2,437 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അത്യാധുനിക ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ഉള്‍പ്പെടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡോ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍, ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിനും മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്താനാണ് ദക്ഷിണ റെയില്‍വേ പദ്ധതിയിട്ടിട്ടുളളത്. പ്രതിവര്‍ഷം 35 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ചെന്നൈ വിമാനത്താവളത്തിലെ ആധുനിക സൗകര്യങ്ങള്‍ എല്ലാവരുടെയും വിമാന യാത്രാ അനുഭവം മെച്ചപ്പെട്ടതാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ടെര്‍മിനലില്‍ 108 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 4.45ന് ശ്രീരാമകൃഷ്ണ മഠത്തിൻ്റെ 125-ാം വാർഷിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും
നാളെ രാവിലെ ഏഴേ കാലിന് ബന്ദിപ്പൂർ ടൈഗർ റിസർവും തുടർന്ന് മുതുമല ടൈഗർ റിസർവിലെ തെപ്പക്കാട് ആനക്യാംപും സന്ദർശിക്കും. വനപാലകരോടൊപ്പം അൽപ സമയം സംവദിക്കും. ഓസ്കർ അവാർഡ് നേടിയ ദി എലഫൻ്റ് വിസ്പറേഴ്സിലെ ബൊമ്മിയെയും ബെല്ലിയെയും പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കും.