ഇന്ത്യ-യുഎസ് ബന്ധത്തിലെ നിര്‍ണ്ണായക നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തുടക്കമായി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമെത്തിയ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണമാണ് യുഎസ് ഭരണകൂടം ഒരുക്കുന്നത്.
അന്താരാഷ്ട്ര യോഗാ ദിനമായ നാളെ രാവിലെ ഐക്യരാഷ്ട്രസഭയിലെ യോഗ പരിപാടികള്‍ക്ക് നരേന്ദ്രമോദി നേതൃത്വം നല്‍കും. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന യോഗാദിനാചരണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിലുള്ള സന്തോഷം യുഎന്‍ പൊതുസഭ പ്രസിഡന്റ് സിസബ കൊറോസി പങ്കുവച്ചു. പ്രശസ്ത ഗായിക മേരി മില്‍ബെന്‍ അടക്കം പങ്കെടുക്കുന്ന വലിയ പരിപാടിയായി യുഎന്‍ ആസ്ഥാനത്തെ യോഗാദിനാചരണം മാറും. 2014ലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്.
22ന് വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിലും ആചാരപരമായ സ്വീകരണമുണ്ട്. വാഷിങ്ടണ്‍ ഡിസിയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ യുഎസ് കോണ്‍ഗ്രസിനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും. യുഎസ് കോണ്‍ഗ്രസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി, സെനറ്റ് സ്പീക്കര്‍ ചാള്‍സ് ഷുമര്‍ എന്നീ യുഎസ് കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. 2016ലും മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിട്ടുണ്ട്.
ജൂൺ 22-നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന നയതന്ത്ര ചർച്ചകൾ നടക്കുക. പ്രതിരോധ സഹകരണം, നിർണായകമായ സാങ്കേതികവിദ്യകൾ എന്നിവ ചർച്ച ചെയ്യുന്ന ഉന്നതതലയോഗങ്ങളിൽ നരേന്ദ്രമോദി പങ്കെടുക്കും. കൂടാതെ നിർണായക കരാറുകളിൽ പ്രധാനമന്ത്രി ഒപ്പ് വയ്‌ക്കും എന്നുള്ള റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതടക്കമുള്ള കരാറുകളിലാണ് പ്രധാനമന്ത്രി ഒപ്പു വെയ്‌ക്കുക. മോദിയുടെ സന്ദര്‍ശനത്തോടെ യുഎസ്-ഇന്ത്യ ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും. പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം സന്ദര്‍ശന വേളയില്‍ പ്രഖ്യാപിക്കും. വ്യാപാര, വാണിജ്യ മേഖലയിലും ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കുമെന്നാണ് അറിയുന്നത്.