ഏപ്രിൽ 22 ന് പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന്, ജമ്മു കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും സുരക്ഷാ ക്രമീകരണങ്ങളെയും കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിശദീകരിച്ചു. ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച അടച്ചിട്ട മുറിയിലാണ് നടന്നത്. മേഖലയിലുടനീളം ശക്തമായ സുരക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് ഇരുവരുടെയും കൂടിക്കാഴ്ച.
പ്രധാനമന്ത്രിയെ കാണുന്നതിന് മുമ്പ്, രാജ്നാഥ് സിംഗ് സൗത്ത് ബ്ലോക്ക് സന്ദർശിച്ചിരുന്നു. അവിടെ വെച്ച് കശ്മീരിലെ, പ്രത്യേകിച്ച് ഏറ്റവും പുതിയ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് കരസേനാ മേധാവി അദ്ദേഹത്തിന് വിശദമായ വിശദീകരണം നൽകി. തീവ്രവാദികളുടെയും അവരുടെ കൂട്ടാളികളുടെയും വീടുകളിൽ സൈന്യം റെയ്ഡുകൾ നടത്തുന്നതും തുടരുകയാണ്.
ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു കശ്മീരി സ്വദേശിയും കൊല്ലപ്പെട്ടു. ഇത് ഇന്ത്യയ്ക്കകത്തും അന്തർദേശീയമായും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ആക്രമണത്തിന് “അതിർത്തി കടന്നുള്ള ബന്ധങ്ങൾ” ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ അധികാരികൾ ശക്തവും നിർണ്ണായകവുമായ പ്രതികരണം നൽകുമെന്ന് പ്രതിജ്ഞയെടുത്തു.
ഞായറാഴ്ച, തന്റെ 121-ാമത് ‘മൻ കി ബാത്ത്’ റേഡിയോ പ്രസംഗത്തിൽ, നീതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി മോദി രാജ്യത്തിന് ഉറപ്പ് നൽകി. “പഹൽഗാം ആക്രമണത്തിലെ കുറ്റവാളികൾക്കും ഗൂഢാലോചനക്കാർക്കും ഏറ്റവും കഠിനമായ മറുപടി നൽകും,” അദ്ദേഹം പറഞ്ഞു. “ഭീകരതയ്‌ക്കെതിരായ നമ്മുടെ പോരാട്ടത്തിൽ ലോകം മുഴുവൻ 140 കോടി ഇന്ത്യക്കാർക്കൊപ്പം നിലകൊള്ളുന്നു. ദുരിതബാധിത കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഞാൻ ഒരിക്കൽ കൂടി ഉറപ്പ് നൽകുന്നു.” പ്രധാനമന്ത്രി പറഞ്ഞു.