ഗുജറാത്തിൽ മാസ് റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം അവശേഷിക്കെയാണ് മാസ് റോഡ് ഷോ പ്രധാനമന്ത്രി നടത്തിയത്. മോദിയെ കാണാൻ ആയിരങ്ങൾ ആണ് തെരുവോരങ്ങളിൽ തടിച്ചുകൂടിയത്. നരോദ ഗാമിൽ നിന്നും ഗാന്ധി നഗർ സൗത്ത് വരെ 16 മണ്ഡലങ്ങളിലൂടെ 50 കിലോമീറ്റർ ആയിരുന്നു മോദിയുടെ റോഡ് ഷോ. അമരൈവാദി, മണിനഗർ, ബാപ്പുനഗർ, വിജാൽപൂർ, ഘട്ട്‌ലോദിയ, നാരാൺപൂർ തുടങ്ങിയ മണ്ഡലങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോയത്. 3.5 മണിക്കൂറോളം യാത്രയ്‌ക്ക് എടുത്തു. തുറന്ന എസ് യുവിയിലായിരുന്നു പ്രധാനമന്ത്രി സഞ്ചരിച്ചത്. ഓരോ പോയിന്റിലും പുഷ്പവൃഷ്ടിയോടെയാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്.
2002 ൽ ഗോധ്രയിൽ സബർമതി എക്‌സ്പ്രസ് തീവെപ്പിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് നരോദ ഗാം. ഇവിടെ നിന്നാണ് പ്രധാനമന്ത്രി യാത്ര തുടങ്ങിയതെന്നതും ബിജെപി പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി. 35 ഓളം ഇടങ്ങളിലായിരുന്നു റോഡ് ഷോയ്‌ക്ക് സ്വീകരണം ഒരുക്കിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത്രയും ദൂരം ഒറ്റയടിക്ക് മറ്റൊരു ഇന്ത്യൻ രാഷ്‌ട്രീയ നേതാവും റോഡ് ഷോ നടത്തിയിട്ടില്ലെന്നാണ് ബിജെപിയുടെ അവകാശവാദം. രണ്ടാം ഘട്ട പ്രചാരണം അവസാനിക്കുന്നതിനിപ്പുറം ഏഴ് റാലികൾ കൂടി നടക്കും.