വത്തിക്കാൻ സിറ്റിയിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമു പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ മുർമു വത്തിക്കാൻ സിറ്റിയിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തും.”പ്രസിഡന്റ് ദ്രൗപതി മുർമു ഏപ്രിൽ 25 മുതൽ 26 വരെ വത്തിക്കാൻ സിറ്റി സന്ദർശിക്കുകയും ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കും വേണ്ടി അനുശോചനം അറിയിക്കുകയും ചെയ്യും,” വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്ററിന്റെ ബസിലിക്കയിൽ ഇന്ത്യൻ രാഷ്ട്രപതി ഫ്രാൻസിസ് മാർപാപ്പയ്ക്ക് പുഷ്പചക്രം അർപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രമന്ത്രി കിരൺ റിജിജു, ജോർജ് കുര്യൻ, കേരള സർക്കാരിനെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ചടങ്ങിൽ പങ്കെടുക്കും.
ഏകദേശം 1,300 വർഷത്തിനിടയിലെ ആദ്യത്തെ യൂറോപ്യൻ അല്ലാത്ത പോപ്പായിരുന്ന ഫ്രാൻസിസ്, ഈസ്റ്റർ തിങ്കളാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന് 88 വയസ്സായിരുന്നു. “ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമ്മിക്കും,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എന്നും വിലമതിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ടു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഏപ്രിൽ 22 ന് ന്യൂഡൽഹിയിലെ അപ്പസ്തോലിക് നൺഷിയേച്ചർ (ഹോളി സീയുടെ എംബസി) സന്ദർശിക്കുകയും അനുശോചന പുസ്തകത്തിൽ ഒപ്പിടുകയും ചെയ്തിരുന്നു.